സുനിൽ തിരുവമ്പാടി

ബെംഗളൂരു

: വർഷങ്ങളായി ബെംഗളൂരുവിലെ മലയാളികൾക്കിടയിൽ സേവനപ്രവർത്തനങ്ങളുമായി സജീവമായി നിൽക്കുന്ന ബെംഗളൂരു കേരള സമാജത്തിന് ഇത്തവണ കോവിഡ് മഹാമാരി ആഞ്ഞടിച്ച ദിവസങ്ങൾ ഇതുവരെ കാണാത്ത വെല്ലുവിളികളുടേതായിരുന്നു. കോവിഡ് ബാധിച്ച് അടിയന്തര ചികിത്സ ആവശ്യമായി വന്നിട്ടും ആശുപത്രികളിൽ പ്രവേശനം കിട്ടാത്തവരും ഓക്സിജൻ കിട്ടാതെ ശ്വാസംമുട്ടുന്ന രോഗികളും റെംഡെസിവിർ പോലുള്ള അടിയന്തര മരുന്നുകൾക്കുവേണ്ടി അലയുന്നവരുമൊക്കെയാണ് ഇത്തവണ സമാജം പ്രവർത്തകരെ അഭയംപ്രാപിച്ചത്. എങ്കിലും സമാജത്തിന്റെ ഒമ്പതു സോണുകളിലെയും പ്രവർത്തകർ ഒത്തൊരുമിച്ചുനിന്ന് വെല്ലുവിളികൾ ഏറ്റെടുത്ത് പ്രതിസന്ധികളിൽപ്പെട്ടവർക്ക് തുണയായി.

പ്രതിസന്ധി കനത്തതോടെ, അടിയന്തര സഹായമാവശ്യമുള്ളവർക്ക് അത്താണിയായി ഒരു ഹെൽപ് ഡെസ്ക് തുടങ്ങുകയാണ് പ്രവർത്തകർ ആദ്യം ചെയ്തത്. ആശുപത്രി കിടയ്ക്കയും ഓക്സിജനും മരുന്നുകളും ആവശ്യപ്പെട്ട് ഒട്ടേറെയാളുകളാണ് ഹെൽപ് ഡെസ്കിന്റെ ഫോൺ നമ്പറിലേക്ക് വിളിച്ചത്. ഓരോ വിളികളും ശ്രദ്ധാപൂർവം ഏറ്റെടുത്തു. ആശുപത്രികളുമായി നിരന്തരം ബന്ധപ്പെട്ട് ഐ.സി.യു. കിടക്കകളുടെയും ഓക്സിജന്റെയും ലഭ്യത സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് രോഗികൾക്കു കൈമാറി. ബി.ബി.എം.പി.യുടെ കോവിഡ് വാർമുറിയുമായും നിരന്തരം ബന്ധംപുലർത്തി. സഹായം തേടിയവർക്കായി കർണാടക മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ ഇടപെടലുകളുണ്ടാക്കി. രോഗികൾക്കും ബന്ധുക്കൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകി.

രോഗികൾക്ക് മെഡിക്കൽ ഓക്സിജൻ കിട്ടാതെ വന്നത് വലിയ പ്രതിസന്ധിയാണുണ്ടാക്കിയതെന്ന് സമാജം ജനറൽ സെക്രട്ടറി റജികുമാർ പറഞ്ഞു. ഒട്ടേറെ കോവിഡ് രോഗികൾ ഓക്സിജൻ കിട്ടാതെ ശ്വാസംമുട്ടി മരിച്ചുകൊണ്ടിരുന്ന ഭീകര ദിവസങ്ങളായിരുന്നു ഇത്. ഇതോടെ പത്ത് ഓക്സിജൻ സിലിൻഡറുകൾ സമാജം സ്വന്തമായി വാങ്ങി. ആവശ്യമുള്ളവർക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു ലക്ഷ്യം. ഇത്രയും തന്നെ ഓക്സിജൻ കോൺസൻട്രേറ്ററുകളും വാങ്ങി. ഇതും രോഗികളുട വീടുകളിൽ എത്തിച്ചു. കോൺസൻട്രേറ്ററുകൾ ഇപ്പോഴും ആവശ്യക്കാരുടെ വീടുകളിലൂടെ കറങ്ങുന്നു.

നഗരത്തിലെ കെ.ആർ. പുരം മേഖലയിൽനിന്നാണ് ആദ്യം സഹായം തേടിയുള്ള വിളികൾ കൂടുതൽ എത്തിയത്. കെ.ആർ.പുരം സോണിലാണ് ആദ്യം ഹെൽപ് ഡസ്ക് ആരംഭിച്ചതും. പിന്നീട് ഇത് മറ്റു സോണുകളിലേക്കും വ്യാപിപ്പിച്ചു. ഓരോ സോണുകളിലും സേവനസന്നദ്ധരായി പ്രവർത്തകരുടെ സംഘം സജീവമാണ്.

രോഗികളെ ആശുപത്രികളിലേക്ക് കൊണ്ടുപോകാനും മൃതദേഹങ്ങൾ ശ്മശാനത്തിലെത്തിക്കാനും ആംബുലൻസുകൾ ലഭിക്കാതെ പ്രതിസന്ധി നേരിട്ടപ്പോൾ കേരള സമാജത്തിന്റെ നാല് ആംബുലൻസുകളും സേവനത്തിന് സജ്ജമായിരുന്നു. രോഗവ്യാപനം കടുത്ത ഭീഷണിയായിനിന്ന ദിവസങ്ങളിലും ആംബുലൻസുകൾ കോവിഡ് രോഗികൾക്കായി സർവീസ് നടത്തിക്കൊണ്ടിരുന്നു. നാലിലും ഓക്സിജൻ സിലിൻഡറുകൾ സജ്ജമാക്കിയിരുന്നു. നഗരത്തിൽ ചികിത്സാസൗകര്യം കിട്ടാതായതോടെ ഒട്ടേറെ പേരെ നാട്ടിലേക്ക് കൊണ്ടുപോകാനും സമാജത്തിന്റെ ആംബുലൻസുകൾ തുണയായി. ഇതുവരെ അഞ്ഞൂറോളം രോഗികളെ ഇങ്ങനെ വിവിധ ആശുപത്രികളിലെത്തിച്ചതായി ജനറൽ സെക്രട്ടറി റജികുമാർ പറഞ്ഞു. കോവിഡ് ബാധിച്ചു മരിച്ച അമ്പതോളം പേരുടെ മൃതദേഹങ്ങൾ ശ്മശാനത്തിലെത്തിക്കാനും സമാജത്തിന്റെ ആംബുലൻസ് സഹായവുമായെത്തി.

കോവിഡ് ബാധിച്ച് വീട്ടിൽ കുടുങ്ങിപ്പോയവർക്ക് ഭക്ഷണമെത്തിച്ചു നൽകുകയായിരുന്നു മറ്റൊരു പ്രവർത്തനം. ചില രോഗികളുടെ കുടുംബാംഗങ്ങൾക്കുൾപ്പെടെയാണ് ഭക്ഷണമെത്തിച്ചുകൊടുത്തത്. ചില ഹോട്ടലുകളുമായി സഹകരിച്ചും പ്രവർത്തകരുടെ വീടുകളിൽ തയ്യാറാക്കിയുമാണ് ഭക്ഷണം എത്തിച്ചുനൽകിയത്.

കിടയ്ക്കകൾക്ക് സ്വകാര്യ ആശുപത്രിയുമായി സഹകരണം

കോവിഡ് കിടക്കകൾക്ക് കടുത്ത ദൗർലഭ്യം അനുഭവപ്പെട്ടപ്പോൾ കോക്സ് ടൗണിലെ സ്വകാര്യ ആശുപത്രിയുടെ സഹകരണം തേടി. ഓക്സിജൻ ക്ഷാമം അനുഭവപ്പെട്ട ആശുപത്രിക്ക്‌ അഞ്ച് ഓക്സിജൻ കോൺസൻട്രേറ്ററുകൾ നൽകിയപ്പോൾ പത്ത് കിടയ്ക്കകൾ സമാജം നിർദേശിക്കുന്ന രോഗികൾക്ക് കിട്ടി. ചികിത്സയ്ക്കുള്ള തുക കുറച്ചാണ് കിടക്കകൾ അനുവദിച്ചത്.