ബെംഗളൂരു : കർണാടകത്തിൽ കോവിഡ് വ്യാപനം കുറഞ്ഞുവരുന്നതിനിടെ ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് സർക്കാരിന്റെ സജീവപരിഗണനയിൽ. അഞ്ചു ഘട്ടങ്ങളായി ഇളവുകൾ നൽകി നിയന്ത്രണങ്ങൾ പിൻവലിക്കാനാണ് ആലോചിക്കുന്നതെന്ന് റവന്യൂ മന്ത്രി ആർ. അശോക് പറഞ്ഞു. നിലവിൽ ജൂൺ 14 വരെയാണ് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുശേഷം ഇളവുകൾ നിലവിൽ വരും.

ലോക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി അവശ്യവസ്തുക്കളുടെ കടകൾ തുറക്കാനുള്ള സമയം ഇപ്പോൾ രാവിലെ ആറുമുതൽ പത്തുമണിവരെയാണ്. ഇത് ഉച്ചയ്ക്ക് 12 മണിവരെയാക്കി ആദ്യഘട്ട ഇളവുനൽകാനാണ് ആലോചന. ഇതോടൊപ്പം രാവിലെയും വൈകുന്നേരവും പാർക്കുകൾ തുറക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് വ്യായാമത്തിന് പാർക്കിൽ പ്രവേശിക്കാനാകും. ഒറ്റയടിക്ക് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇത് കോവിഡ് വ്യാപനം വീണ്ടും വർധിപ്പിക്കാനിടയാക്കും. അന്തിമതീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കും.

കോവിഡ് വ്യാപനം കുതിച്ചുയർന്നതോടെ ഏപ്രിൽ 27-നാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ കർഫ്യൂ ആണ് അന്ന് ഏർപ്പെടുത്തിയത്. മേയ് 10 വരെയായിരുന്നു ഇതിന്റെ കാലാവധി. പക്ഷേ, നിയന്ത്രണത്തിനിടയിലും കോവിഡ് വ്യാപനം ഉയരത്തിലേക്കുതന്നെ പോയതിനെത്തുടർന്ന് മേയ് 24 വരെ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചു. ഇത് ഒരാഴ്ചകൂടി നീട്ടി ജൂൺ ഏഴുവരെയാക്കി. വീണ്ടും നീട്ടിയാണ് ജൂൺ 14 വരെയാക്കിയത്.

കർണാടകത്തിൽ പ്രതിദിന കോവിഡ് രോഗികൾ പതിനായിരത്തിൽ താഴെയാണ്. ചൊവ്വാഴ്ച 9,808 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. നേരത്തേ ദിവസം അരലക്ഷത്തിലധികം പേർക്കുവരെ കോവിഡ് ബാധിച്ചിരുന്നു. 7.53 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് അഞ്ചു ശതമാനത്തിൽ താഴെയെത്തിയാൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി ഇളവുകൾ നൽകി പിൻവലിക്കാമെന്നാണ് കോവിഡ് സാങ്കേതിക വിദഗ്ധസമിതി സർക്കാരിന് സമർപ്പിച്ച നിർദേശം. ബെംഗളൂരു ഉൾപ്പെടെ പല ജില്ലകളിലും ഇപ്പോൾ നിരക്ക് അഞ്ചുശതമാനത്തിൽ താഴെയാണ്.