ബെംഗളൂരു : മഹാമാരിക്കാലത്തിന്റെ പ്രതിസന്ധിക്കിടയിൽ കർണാടകത്തിൽ വൈദ്യുതിച്ചാർജിൽ വർധന. യൂണിറ്റിന് 30 പൈസ നിരക്കിലാണ് വർധന. സംസ്ഥാനത്തെ എല്ലാ വൈദ്യുതിവിതരണക്കമ്പനികളുടെ ഉപഭോക്താക്കൾക്കും ഇത് ബാധകമായിരിക്കുമെന്ന് കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ വ്യക്തമാക്കി. നിരക്കുവർധന ഏപ്രിൽ ഒന്നിനുശേഷമുള്ള മീറ്റർ റീഡിങ്ങിൽ രേഖപ്പെടുത്തിയ വൈദ്യുതിക്ക് മുതൽ മുൻകാല പ്രാബല്യത്തോടെ ഈടാക്കും.

ഇതോടെ വൈദ്യുതിച്ചാർജിൽ ഉപഭോക്താക്കൾക്ക് 3.84 ശതമാനത്തിന്റെ വർധനയുണ്ടാകും. യൂണിറ്റിന് 135 പൈസയുടെ വർധനയാണ് വൈദ്യുതിവിതരണക്കമ്പനികൾ ആവശ്യപ്പെട്ടതെന്ന് കമ്മിഷൻ വിശദീകരിച്ചു. ഇതുപ്രകാരം വൈദ്യുതിനിരക്കിൽ 17.31 ശതമാനം വർധനയുണ്ടാകുമായിരുന്നു.

നിരക്കുവർധനമൂലം ഏപ്രിൽ, മേയ് മാസങ്ങളിൽ ഉപഭോക്താവിന് അധികമായി വന്ന തുക ഒക്ടോബർ, നവംബർ മാസങ്ങളിലേ തിരിച്ചുപിടിക്കുകയുള്ളൂവെന്നും കമ്മിഷൻ അറിയിച്ചു. ഇതിന് പലിശ ഈടാക്കില്ല. കോവിഡ് മഹാമാരിയുടെ ഭാഗമായുള്ള ലോക് ഡൗണിലെ പ്രതിസന്ധി കണക്കിലെടുത്താണിതെന്നും അറിയിച്ചു.

വൈദ്യൂതിച്ചാർജ് വർധിപ്പിച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. ബി.ജെ.പി. കർണാടകത്തെ ഞെട്ടിച്ചുകളഞ്ഞെന്ന് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ പറഞ്ഞു. മഹാമാരിക്കാലത്ത് മുഖ്യമന്ത്രിയെടുത്ത ഈ തീരുമാനം ജനങ്ങൾക്ക് ദുരന്തമായി കലാശിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.