ബെംഗളൂരു : താലൂക്ക്-ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താൻ കോൺഗ്രസ്.
ഇതിന്റെഭാഗമായി സങ്കല്പ സമാവേശ എന്നപേരിൽ സംഘടിപ്പിക്കുന്ന മേഖലാതല സമ്മേളനങ്ങൾ പ്രവർത്തകരിൽ പുതിയ പ്രതീക്ഷ പകർന്നു. പഞ്ചായത്ത്, വാർഡ് തല കമ്മിറ്റികൾ ഒരുമാസത്തിനുള്ളിൽ രൂപം നൽകാനാണ് തീരുമാനം. തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ബൂത്ത് തല ഏജന്റുമാരെയും നിയോഗിക്കും.
ബെംഗളൂരുവിൽ നടന്ന സങ്കല്പ സമാവേശ സമ്മേളനം കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, കെ.പി.സി.സി. മുൻപ്രസിഡന്റ് ഡോ. ജി. പരമേശ്വരയ്യ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ സംസ്ഥാനത്തെ 150 നിയോജകമണ്ഡലങ്ങൾ സന്ദർശിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ തീരുമാനമെടുത്തു.
കോൺഗ്രസിനെ കേഡർ സ്വഭാവമുള്ള പാർട്ടിയാക്കി മാറ്റുന്നതിനുള്ള പ്രവർത്തനമാണ് നടക്കുന്നതെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. ഇതിനുവേണ്ടിയുള്ള നിർദേശമാണ് നേതാക്കൾക്കു നൽകിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്കോ താലൂക്ക് പഞ്ചായത്തിലേക്കോ നടക്കാൻപോകുന്ന തിരഞ്ഞെടുപ്പുകൾ മാത്രമല്ല ലക്ഷ്യം. ബി.ജെ.പി.യെ സംസ്ഥാനത്തും കേന്ദ്രത്തിലുമുള്ള ഭരണത്തിൽനിന്ന് മാറ്റുകയെന്നതാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നും ശിവകുമാർ പറഞ്ഞു. കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോൾ കൊണ്ടുവന്ന പദ്ധതികളെല്ലാം ബി.ജെ.പി. സർക്കാർ നിർത്തിവെച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കോവിഡ് കാലത്ത് പ്രഖ്യാപിച്ച പ്രത്യേക പാക്കേജുകളുടെ ഗുണം ജനങ്ങളിലെത്തിയിട്ടില്ല. ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കിയ കേസിൽ നേരിട്ട കോടതിവിധികളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഇതിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കണം.
രണ്ടാമത്തെ സങ്കല്പ സമാവേശ സമ്മേളനമാണ് ബെംഗളൂരുവിൽ നടന്നത്. ആദ്യത്തേത് കഴിഞ്ഞദിവസം മംഗളൂരുവിലായിരുന്നു. ജനുവരി 11-ന് ബൽഗാമിലും 18-ന് ഗുൽബർഗയിലും മേഖലാ സമ്മേളനങ്ങൾ നടക്കും.