ബെംഗളൂരു : കോവിഡ് വ്യാപനം സ്കൂളുകളുടെ പ്രവർത്തനത്തിന് ഭീഷണിയാകുന്നു. പത്താംക്ലാസ്, രണ്ടാം വർഷ പി.യു. ക്ലാസ് തുടങ്ങിയശേഷം സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 211 അധ്യാപകർക്ക്. ഉത്തരകന്നഡ ജില്ലയിൽ മാത്രം 20 അധ്യാപകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബെലഗാവിയിൽ 19 പേർക്കും ശിവമോഗ, ഹാസൻ, മാണ്ഡ്യ എന്നീ ജില്ലകളിൽ 39 അധ്യാപകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുമകൂരു, മൈസൂരു, ചാമരാജ്‌നഗർ, ഗദക് എന്നീ ജില്ലകളിലായി 45 അധ്യാപകർക്കും രോഗം സ്ഥിരീകരിച്ചു. ജനുവരി ഒന്നുമുതലാണ് പത്താംക്ലാസ്, രണ്ടാംവർഷ പി.യു. ക്ലാസുകൾ തുടങ്ങിയത്.
അതേസമയം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അധ്യാപകർ ഹാജരാക്കണമെന്നാണ് നിർദേശം. വിദ്യാർഥികളെയും കർശന പരിശോധനകൾക്ക് ശേഷമാണ് സ്കൂളുകളിലേക്ക് പ്രവേശിപ്പിക്കുന്നത്. ക്ലാസ് മുറികളിൽ സാമൂഹിക അകലം പാലിച്ച് ഇരിക്കാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. ദിവസവും അണുനശീകരണവും നടത്തിവരികയാണ്. പത്താംതരം, രണ്ടാംവർഷ പി.യു. വിദ്യാർഥികളുടെ ക്ലാസുകൾ നിരീക്ഷിച്ചശേഷം മറ്റു വിദ്യാർഥികൾക്കും നേരിട്ട് ക്ലാസുകൾ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സർക്കാർ സ്കൂൾ വിദ്യാർഥികൾക്കായി നടപ്പാക്കുന്ന വിദ്യാഗമപദ്ധതിയും നടന്നുവരികയാണ്. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാങ്കേതിക സൗകര്യങ്ങളില്ലാത്ത വിദ്യാർഥികളെയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാർഥികളെ സംഘങ്ങളാക്കിത്തിരിച്ച് സ്കൂൾ പരിസരങ്ങളിൽ ക്ലാസ് നടത്തുന്നതാണ് വിദ്യാഗമപദ്ധതി.
അതേസമയം സ്കൂളുകളിൽ കൂടുതൽ സുരക്ഷാ സൗകര്യങ്ങളൊരുക്കണമെന്നാണ് അധികൃതരുടെ നിർദേശം.