ലക്ഷ്യം ഒരുലക്ഷം തൊഴിലവസരങ്ങൾ
ബെംഗളൂരു : ഒരുലക്ഷത്തോളം പേർക്ക് തൊഴിലവസരങ്ങളൊരുക്കുക ലക്ഷ്യമിട്ട് രാജ്യത്തെ ആദ്യത്തെ കളിപ്പാട്ട നർമാണ ക്ലസ്റ്റർ കൊപ്പാളിലെ ഭാനപ്പൂരിൽ തുടങ്ങുന്നു. 400 ഏക്കർ പ്രദേശത്ത് നിർമിക്കുന്ന ക്ലസ്റ്ററിന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ശനിയാഴ്ച തറക്കല്ലിട്ടു.
അന്താരാഷ്ട്ര വിപണിയിൽ രാജ്യത്തുനിന്നുള്ള കളിപ്പാട്ടത്തിന്റെ പ്രാതിനിധ്യം വർധിപ്പിക്കാൻ ഇതിലൂടെ കഴിയുമെന്ന് ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് കളിപ്പാട്ട ക്ലസ്റ്റർ നിർമിക്കുന്നത്. പ്രത്യേക സാമ്പത്തിക മേഖലയായ ഇതിന്റെ നടത്തിപ്പ് ചുമതല എയിക്സ് ഗ്രൂപ്പിനാണ്.
പദ്ധതി പൂർത്തിയാകുന്നതോടെ 30,000 പേർക്ക് നേരിട്ടും 70,000 പേർക്ക് നേരിട്ടല്ലാതെയും ജോലി നൽകാൻ കഴിയും. വൻകിട കമ്പനികൾ ഉൾപ്പെടെ 100-ഓളം നിർമാണ യൂണിറ്റുകളാണ് ക്ലസ്റ്ററിലുണ്ടാകുക. ഇതിൽ ചില കമ്പനികളുമായി ഇതിനോടകം ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു. ശനിയാഴ്ച മാത്രം ആറുകമ്പനികളാണ് സർക്കാരുമായി ധാരണാപത്രമുണ്ടാക്കിയത്. ഈ വർഷം അവസാനത്തോടെ ക്ലസ്റ്ററിന്റെ പ്രവർത്തനം തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്ലസ്റ്ററിൽ ജോലി ലഭിക്കുന്നവരിൽ 80 ശതമാനവും സംസ്ഥാനത്തുനിന്നുള്ളവർ തന്നെയായിരിക്കും . മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള 10 ശതമാനം മുതൽ 20 ശതമാനം പേർക്കും ജോലി ലഭിക്കും. സ്ത്രീകൾക്കാണ് പ്രഥമപരിഗണന ലഭിക്കുക. ഇവർക്ക് മികച്ച കൂലിയും ഉറപ്പുവരുത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ജഗദീഷ് ഷെട്ടാർ പറഞ്ഞു. സ്ത്രീകൾക്ക് എയിക്‌സ് ഗ്രൂപ്പ് പരിശീലനം നൽകും. ഇതുവരെ സ്ത്രീകൾക്ക് 200 രൂപ കൂലി ലഭിച്ചിരുന്ന സ്ഥാനത്ത് പുതിയ പദ്ധതി വരുന്നതോടെ 600 രൂപ കൂലിയായി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 450 മില്യൺ ഡോളർ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തങ്ങളാണ് ക്ലസ്റ്റർ നടത്തുക. മോഡലുകളുടെ നിർമാണം, ഇലക്‌ട്രോണിക്‌സ് കളിപ്പാട്ടങ്ങളുടെ നിർമാണം തുടങ്ങിയവയ്ക്കായിരിക്കും പ്രധാന്യം. പ്രദേശിക കളിപ്പാട്ടങ്ങളെയും പ്രോത്സാഹിപ്പിക്കും. കളിപ്പാട്ടനിർമാണ മേഖലയിലെ ചൈനീസ് ആധിപത്യത്തിന് ക്ലസ്റ്റർ മറുപടിയാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.