ബെംഗളൂരു : കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയുടെ വീടിനുമുന്നിൽവെച്ച് സ്ത്രീ വിഷംകഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഇവരെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗരഗ് ഗ്രാമത്തിലെ ശ്രീദേവി വീരപ്പ കമ്മാർ ആണ് ചികിത്സയിലുള്ളത്.

തകർന്ന വീട് നന്നാക്കാൻ പണത്തിനായി സ്ഥലം എം.പി. കൂടിയായ മന്ത്രിയെ കാണാൻശ്രമിച്ചിട്ടും നടക്കാതെ വന്നതോടെയാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് പറയുന്നു. ഇക്കാര്യം വിശദീകരിച്ച കുറിപ്പ് എഴുതിവെച്ചശേഷമായിരുന്നു വിഷം കഴിച്ചത്. മന്ത്രിയുടെ വീടിനുമുന്നിൽനിന്ന് പോലീസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. മന്ത്രിയെ നേരിൽകാണാൻ ഇവർ കഴിഞ്ഞ ആറുമാസമായി ശ്രമിച്ചിട്ടും സാധിച്ചില്ലെന്ന് പറയുന്നു. സഹായധനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എൽ.എ. അമൃത് ദേശായിയെയും സമീപിച്ചിരുന്നു.

എം.പി.യെ കാണാനാണ് എം.എൽ.എ. നിർദേശിച്ചത്. ഹുബ്ബള്ളിയിലെ വീട്ടിൽ മന്ത്രിയെ കാണാൻകഴിയാതെ വന്നതോടെ ഇവർ ഡൽഹിയിൽ പോയിരുന്നു. പാർലമെന്റ് യോഗം നടക്കുന്ന സമയത്തായിരുന്നു ഇത്. അതിനാൽ കാണാനായില്ല.

ധാർവാഡ് താലൂക്കിലുള്ള ഗരഗ് ഗ്രാമത്തിലെ ഇവരുടെ വീട് കഴിഞ്ഞവർഷമാണ് തകർന്നത്. ഇതിനുള്ള നഷ്ടപരിഹാരമായി 50,000 രൂപയാണ് ലഭിച്ചത്. ഇതുകൊണ്ട് വീട് പുനർനിർമിക്കാനായില്ലെന്ന് ഇവർ പറയുന്നു.