ബെംഗളൂരു : അശ്ലീല വീഡിയോ വിവാദവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി രമേഷ് ജാർക്കിഹോളിയുടെ പേരിൽ നൽകിയ പരാതിയിൽ കേസെടുക്കാതിരുന്നതിനെ ചോദ്യംചെയ്ത് സിറ്റി പോലീസ് കമ്മിഷണർക്കും രണ്ടു പോലീസ് ഉദ്യോഗസ്ഥർക്കുമെതിരേ കോടതിയിൽ ഹർജി. ബെംഗളൂരുവിലെ മനുഷ്യാവകാശ സംഘടനയായ ജനാധികാര സംഘർഷ പരിഷത്താണ് ചീഫ് മെട്രോ പൊളിറ്റൻ മജിസ്‌ട്രേട്ട് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തത്. സിറ്റി പോലീസ് കമ്മിഷണർ കമൽ പാന്ത്, ഡെപ്യൂട്ടി കമ്മിഷണർ എം.എൻ. അനുചേത്, കബൺ പാർക്ക് പോലീസ് ഇൻസ്പെക്ടർ ബി. മാരുതി എന്നിവർക്കെതിരേയാണ് സംഘടനയുടെ പ്രസിഡന്റ് ആദർശ് ആർ. അയ്യർ ഹർജി നൽകിയത്.

വിവാദമായ അശ്ലീല വീഡിയോ പുറത്തുവന്നതിന്റെ പിന്നാലെ സാമൂഹികപ്രവർത്തകനായ ദിനേഷ് കല്ലഹള്ളി കബൺ പാർക്ക് പോലീസിൽ ജാർക്കിഹോളിയുടെ പേരിൽ പരാതിനൽകിയിരുന്നു. വീഡിയോയിലുൾപ്പെട്ടതായി പറയുന്ന യുവതിയെ രമേഷ് ജാർക്കിഹോളി സർക്കാർജോലി വാഗ്ദാനംചെയ്ത് ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപിച്ചായിരുന്നു പരാതി. പക്ഷേ, പോലീസ് ഇതിൽ കേസെടുത്തില്ല.

ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ് കമ്മിഷണർ ഉൾപ്പെടെയുള്ളവരുടെ പേരിൽ ജനാധികാരപരിഷത്ത് കബൺ പാർക്ക് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ നടപടിയുണ്ടാകാതിരുന്നതിനെത്തുടർന്നാണ് കോടതിയെ സമീപിച്ചത്. ഹർജി അനുവദിച്ച കോടതി കേസ് 16-ന് പരിഗണിക്കാനായി മാറ്റി.