ബെംഗളൂരു : ഏപ്രിൽ ആറുവരെ സംസ്ഥാനത്ത് 50 ലക്ഷം ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യവകുപ്പുമന്ത്രി കെ. സുധാകർ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക ചുവടുവെപ്പാണ് കർണാടകം നടത്തിയതെന്നും മന്ത്രി സുധാകർ പറഞ്ഞു. കോവിഡ് വാക്സിനേഷനിൽ രാജ്യത്ത് ആറാമതാണ് കർണാടകം. വരുംദിവസങ്ങളിൽ പ്രതിദിനം 2.5 ലക്ഷം ഡോസുകൾ നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതിനോടകം സംസ്ഥാനത്ത് 5500 കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

അതേസമയം വാക്സിനേഷൻ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി കൂടുതൽ വാക്സിൻ ഡോസുകൾ നൽകണമെന്ന് കേന്ദ്രത്തോട് സംസ്ഥാന ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച ലഭിച്ച 15 ലക്ഷം ഡോസ് അടക്കം നിലവിൽ 25 ലക്ഷത്തോളം ഡോസ് വാക്സിൻ സംസ്ഥാനത്ത് സ്റ്റോക്കുണ്ട്.