മൈസൂരു : വേനൽ കടുത്തതോടെ മൈസൂരു നഗരത്തിൽ കടുത്ത കുടിവെള്ളപ്രതിസന്ധി അനുഭവപ്പെടുന്നു. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ പുതുതായി വികസിപ്പിച്ച ലേഔട്ടുകളിലും വെള്ളത്തിന്റെ ദൗർലഭ്യമുണ്ട്.

വിദ്യാരണ്യപുരം, ശ്രീരാമപുര, വിശ്വേശ്വരനഗർ, ഗുണ്ടുറാവുനഗർ, ഗൗരിശങ്കർനഗർ, ചാമുണ്ഡേശ്വരി റെയിൽവേ ലേഔട്ട്, തവരകട്ടെ, ഹിങ്കൽ, വിജയനഗർ മൂന്ന്, നാല് സ്റ്റേജുകൾ, റെയിൽവേ ലേഔട്ട്, ഔട്ടർ റിങ് റോഡിന്റെ സമീപപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് പ്രതിസന്ധി കൂടുതൽ അനുഭവപ്പെടുന്നത്. വിജയനഗർ മൂന്ന്, നാല് സ്റ്റേജുകൾ പോലുള്ള പ്രദേശങ്ങൾ കുഴൽക്കിണർ വെള്ളത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ, ഭൂഗർഭജലത്തോത് താഴ്ന്നതും പല കുഴൽക്കിണറുകളും പ്രവർത്തിക്കാത്തതും കാരണം കുഴൽക്കിണർവെള്ളവും മതിയായ തോതിൽ ലഭിക്കുന്നില്ല. പ്രതിസന്ധിയെത്തുടർന്ന് മൈസൂരു കോർപ്പറേഷന്റെ നേതൃത്വത്തിൽ 24 ടാങ്കറുകളിൽ വെള്ളം വിതരണം ചെയ്യുന്നുണ്ട്.

പുതിയ ലേഔട്ടുകൾ വന്നതിനാൽ പ്രതിദിനം 67 മില്യൺ ലിറ്റർ വെള്ളം നഗരത്തിന് അധികമായി ആവശ്യമാണെന്നാണ് റിപ്പോർട്ട്. കാവേരി, കബനി നദികളിൽനിന്ന് പ്രതിദിനം 250 മില്യൺ ലിറ്റർ വെള്ളം ലഭിച്ചാൽ പ്രതിസന്ധി മറികടക്കാൻ സാധിക്കുമെന്ന് കുടിവെള്ള വിതരണത്തിന്റെ ചുമതലയുള്ള വാണി വിലാസ് വാട്ടർ വർക്ക്‌സ് പറയുന്നു. അമൃത് പദ്ധതിപ്രകാരം കുടിവെള്ള വിതരണത്തിനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്നും അടുത്ത ഏതാനും മാസങ്ങൾക്കകം നഗരത്തിന് പ്രതിദിനം 30 മില്യൺ ലിറ്റർ വെള്ളം കൂടി ലഭിക്കുമെന്നും മൈസൂരു കോർപ്പറേഷൻ കമ്മിഷണർ ശില്പാ നാഗ് പറഞ്ഞു.