ബെംഗളൂരു : മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയുമായുള്ള ഏറ്റുമുട്ടലിൽ പിൻമടക്കത്തിനൊരുങ്ങി മന്ത്രി കെ.എസ്. ഈശ്വരപ്പ. തനിക്ക് യെദ്യൂരപ്പക്കെതിരേ പരാതിയൊന്നുമില്ലെന്നും അദ്ദേഹം തന്റെ നേതാവായിരുന്നെന്നും ഈശ്വരപ്പ ബുധനാഴ്ച പറഞ്ഞു. ഗവർണർക്ക് താൻ നൽകിയ കത്ത് പരാതിയായിരുന്നില്ലെന്നും കാര്യങ്ങളുടെ വ്യക്തതതേടുന്നതിനു മാത്രമായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.

മുഖ്യമന്ത്രി തന്റെ വകുപ്പിൽ അനാവശ്യമായി കൈകടത്തുന്നെന്നും തന്നെ അറിയിക്കാതെ തന്റെ വകുപ്പിൽനിന്നും പണം അനുവദിച്ചുനൽകിയെന്നും ചൂണ്ടിക്കാട്ടി മാർച്ച് 31-നാണ് ഗ്രാമവികസന വകുപ്പ് മന്ത്രിയായ ഈശ്വരപ്പ ഗവർണർക്ക് കത്തുനൽകിയത്. യെദ്യൂരപ്പയുടെ ബന്ധുവിനുവേണ്ടി നിയമം മറികടന്ന് ഫണ്ട് അനുവദിച്ചുകൊടുത്തെന്ന ഗുരുതര ആരോപണവും ഉന്നയിച്ചു. ഇത് സർക്കാരിന് വലിയ തിരിച്ചടിയാകുകയും സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദമാകുകയും ചെയ്തിരുന്നു. ഈശ്വരപ്പക്കെതിരേ മന്ത്രിമാരും എം.എൽ.എ.മാരും രംഗത്തെത്തിയിരുന്നു.

വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിനുശേഷം കർണാടകത്തിലെ പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രനേതൃത്വം ശ്രമിക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞിരുന്നു. സംസ്ഥാനത്തെ പാർട്ടിയുടെ ചുമതലയുള്ള പാർട്ടി ദേശീയ ജനറൽസെക്രട്ടറി അരുൺ സിങ് അടുത്തദിവസം ബെംഗളൂരുവിലെത്തുന്നുണ്ട്. ഇതിനിടെയാണ് ഈശ്വരപ്പയുടെ ഭാഗത്തുനിന്ന് മഞ്ഞുരുകലിന് വഴിതുറന്നത്.