ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതോടെ നഗരത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാനൊരുങ്ങി പോലീസ്. കഴിഞ്ഞദിവസം സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ സി.ആർ.പി.സി. 144 (1) വകുപ്പ് പ്രാബല്യത്തിലാക്കി പോലീസ് കമ്മിഷണർ ഉത്തരവിറക്കി. എന്നാൽ നഗരത്തിൽ നിരോധനാജ്ഞയില്ല. നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ കഴിഞ്ഞദിവസം വ്യാപകമായി സന്ദേശങ്ങൾ പ്രചരിച്ചിരുന്നു.

സർക്കാർ നിർദേശമനുസരിച്ച് നഗരത്തിലെ നീന്തൽക്കുളങ്ങളും പാർട്ടിഹാളുകളും പൂർണമായി അടച്ചിടും. പാർപ്പിട സമുച്ചയങ്ങളിലെ പാർട്ടിഹാളുകൾക്കും നീന്തൽക്കുളങ്ങൾക്കും ഇതു ബാധകമാണ്. എന്നാൽ ജിമ്മുകളിൽ 50 ശതമാനം ആളുകളെ അനുവദിക്കും. റാലികളും ധർണകളും പൊതുപരിപാടികളും പൂർണമായും വിലക്കും. ബാറുകളിലും പബ്ബുകളിലും ഹോട്ടലുകളിലും 50 ശതമാനത്തിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കില്ല. സാമൂഹികഅകലം, മുഖാവരണങ്ങൾ ധരിക്കൽ തുടങ്ങിയ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും പോലീസ് ഉത്തരവിൽ പറയുന്നു. 20 വരെയാണ് കർശനനിയന്ത്രണങ്ങൾ. പിന്നീട് സർക്കാർ നിർദേശമനുസരിച്ചുള്ള മറ്റുനടപടികൾ സ്വീകരിക്കും.