ബെംഗളൂരു : സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ആശുപത്രികളിലും 50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്ക് മാറ്റിവെക്കാൻ സർക്കാർ നിർദേശം. നിലവിൽ കോവിഡ് രോഗികൾക്കായി മാറ്റിവെച്ച കിടക്കകളിൽ 90 ശതമാനത്തിലും രോഗികളെത്തിയ സാഹചര്യത്തിലാണ് നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കോവിഡ് ഒന്നാംഘട്ട വ്യാപന സമയത്ത് 50 ശതമാനം കിടക്കകൾ സ്വകാര്യആശുപത്രികൾ നീക്കിവെച്ചിരുന്നു. പിന്നീട് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിനെത്തുടർന്ന് ഈ നിർദേശം സർക്കാർ പിൻവലിച്ചു.

നിലവിൽ ബെംഗളൂരുവിലെ വിക്ടോറിയ, ബൗറിങ് എന്നീ സർക്കാർ ആശുപത്രികളിൽ കോവിഡ് വാർഡുകളിൽ ഒഴിവില്ല. പുതുതായി എത്തുന്ന രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞുവിടുകയാണ് ചെയ്യുന്നത്. രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനയുണ്ടാകുകയാണെങ്കിൽ സ്വകാര്യ ആശുപത്രികളിലും കോവിഡ് രോഗികൾക്കായി മാറ്റിവെച്ച് കിടക്കൾ പേരാതെവരുമെന്നാണ് ആശങ്ക. അതീവ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നുള്ളൂ.

കോവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അതിജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. ആശുപത്രികളിൽ ഓക്സിജൻ സിലിൻഡറുകൾ സംഭരിക്കാനും നേരത്തേ നിർദേശം നൽകിയിരുന്നു. കഴിഞ്ഞവർഷം ബെംഗളൂരുവിലും വടക്കൻ ജില്ലകളിലെ ചില ആശുപത്രികളിലും ഓക്സിജൻ സിലിൻഡറുകളുടെ ക്ഷാമം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.

ഹോട്ടലുകൾക്കും സൂപ്പർമാർക്കറ്റിനും എതിരേ നടപടി

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച ഹോട്ടലുകളും സൂപ്പർമാർക്കറ്റുമുൾപ്പെടെ അഞ്ചു സ്ഥാപനങ്ങൾ കോർപ്പറേഷൻ അധികൃതർ പൂട്ടിച്ചു. മല്ലേശ്വരത്തെ രണ്ട് ഹോട്ടലുകളും ചാമരാജ്‌പേട്ട്, ആർ. ആർ. നഗറിലെ ഒരോ ഹോട്ടലുകൾ വീതവുമാണ് കോർപ്പറേഷൻ അധികൃതർ പൂട്ടാർ നിർദേശിച്ചത്. ആർ.ആർ. നഗറിലെ ഒരു സൂപ്പർ മാർക്കറ്റും പൂട്ടാൻ നിർദേശംനൽകി. സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ചവരുത്തിയതിനാണ് ഈ സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിച്ചത്. വരും ദിവസങ്ങളിൽ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന കർശനമാക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് കോർപ്പറേഷൻ കമ്മിഷണർ ഗൗരവ് ഗുപ്ത പറഞ്ഞു.

പാർപ്പിട സമുച്ചയത്തിൽ 39 പേർക്ക് രോഗബാധ

നാഗരപ്പേട്ടിലെ പാർപ്പിട സമുച്ചയത്തിലെ 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കരഗ ഉത്സവം നടക്കുന്ന ധർമരായ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള പാർപ്പിട സമുച്ചയമാണിത്. പാർപ്പിട സമുച്ചയം കോവിഡ് ക്ലസ്റ്ററായി മാറിയോടെ എപ്രിൽ പകുതിയോടെ നടക്കേണ്ട കരഗ ഉത്സവം അനിശ്ചിതത്വത്തിലായി. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് 145-ഓളം പേരെ പരിശോധിച്ചതോടെയാണ് 39 പേർക്ക് പോസിറ്റീവായത്. രോഗലക്ഷണങ്ങളുള്ളവരെ സി.വി. രാമൻ നഗർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ താമസസ്ഥലങ്ങളിൽ നിരീക്ഷണത്തിലാണ്.

25 മലയാളി വിദ്യാർഥികൾക്ക് കോവിഡ്

ദാവണഗരെയിലെ സ്വകാര്യ നഴ്‌സിങ് കോളേജിലെ 25 മലയാളി വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കോളേജ് ഹോസ്റ്റലിൽ കഴിയുന്ന വിദ്യാർഥികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോളേജിലെ മറ്റ് വിദ്യാർഥികളുടെ സാംപിളുകളും ശേഖരിച്ചിട്ടുണ്ട്. ഹോസ്റ്റലിൽ മാത്രം 15 പാചകത്തൊഴിലാളികളും 109 വിദ്യാർഥികളുമാണ് കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവർ രണ്ടുമാസം മുമ്പാണ് കേരളത്തിൽ നിന്നെത്തിയത്. ആർ.ടി.പി.സി.ആർ. പരിശോധനാഫലവും ഇവർ ഹാജരാക്കിയിരുന്നു.

പരിശോധനയ്ക്ക് ഹോംഗാർഡുകളും

കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ മാർഷൽമാർക്കൊപ്പം ഹോംഗാർഡുകളെയും നിയോഗിക്കും. കഴിഞ്ഞദിവസം 2000 ഹോംഗാർഡുകളെ അധികമായി നിയമിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹോം ഗാർഡുകളുടെയും സഹായം തേടുന്നത്. സാമൂഹിക അകലം പാലിക്കുന്നുവെന്നും മറ്റ് നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്നും ഉറപ്പുവരുത്തുകയാണ് ഇവരുടെ ചുമതല. ഇതോടൊപ്പം ബോധവത്കരണ പ്രവർത്തനങ്ങളിലും പങ്കാളിയാകും.