ബെംഗളൂരു : കോവിഡിന്റെ രണ്ടാം വരവിൽ കർണാടകത്തിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഏഴായിരത്തിനടുത്തേക്ക്. ബുധനാഴ്ച 6976 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 10,33,560-ലെത്തി. 35 പേർകൂടി മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12,731 ആയി. 2794 പേർ സുഖംപ്രാപിച്ചതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 9,71,556 ആയി മാറി. 49,254 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതിൽ 353 പേർ അത്യാഹിതവിഭാഗത്തിലാണ്. സംസ്ഥാനത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.56 ശതമാനമാണ്. മരണനിരക്ക് 0.50 ശതമാനവും.

പുതുതായി കോവിഡ് സ്ഥിരീകരിച്ചവരിൽ 4991 പേർ ബെംഗളൂരു അർബനിലാണ്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,60,016-ലെത്തി. 25 പേർകൂടി മരിച്ചു. ജില്ലയിൽ കോവിഡ് ബാധിച്ചുള്ള ആകെ മരണം 4718 ആയി. 1782 പേർ സുഖംപ്രാപിച്ചു. സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 4,19,508 ആയി. 35,789 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബെംഗളൂരു റൂറലിൽ 70 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.

മൈസൂരുവിൽ ബുധനാഴ്ച 243 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 44 പേർ രോഗമുക്തരായി. രണ്ടുപേർകൂടി മരിച്ചു. ഇതോടെ ജില്ലയിൽ മരിച്ചവരുടെ എണ്ണം 1069 ആയി. ഹാസനിൽ പുതുതായി 90 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരാൾകൂടി മരിച്ചു. ബീദറിൽ 214 പേർക്കാണ് പുതുതായി രോഗമുണ്ടായത്. ഒരാൾ മരിച്ചു. കലബുറഗിയിൽ 205 പേർക്ക് കോവിഡ് ബാധിച്ചു. രണ്ടുപേർകൂടി മരിച്ചു.

ധാർവാഡിൽ 88 പേരും മാണ്ഡ്യയിൽ 58 പേരും രോഗബാധിതരായി. തുമകൂരുവിൽ 204 പേർക്ക് രോഗം ബാധിച്ചു. ഒരാൾകൂടി മരിച്ചു. ദക്ഷിണകന്നഡ ജില്ലയിൽ 112 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരാൾകൂടി മരിച്ചു. ചാമരാജനഗറിൽ 39 പേർക്കും കുടകിൽ 10 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

ബിലിഗിരി രംഗനാഥസ്വാമി ക്ഷേത്രത്തിലെ പൂജാരിക്ക് കോവിഡ്

മൈസൂരു : ചാമരാജനഗറിലെ ബിലിഗിരി രംഗനാഥസ്വാമി ക്ഷേത്രത്തിലെ പൂജാരിക്കും കുടുംബാംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ക്ഷേത്രത്തിലെ മറ്റു 35 ജീവനക്കാരുടെയും സാംപിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചു. ഇവയുടെ ഫലം ഇതുവരെ ലഭ്യമായിട്ടില്ല. നാലുവർഷത്തിനുശേഷം ക്ഷേത്രം വീണ്ടും തുറന്നതിന്റെ ഭാഗമായി മാർച്ച് 29 മുതൽ ഏപ്രിൽ രണ്ടുവരെ പൂജകളും മറ്റു ചടങ്ങുകളും നടന്നിരുന്നു.

ചടങ്ങുകളിൽ പങ്കെടുത്ത ചാമരാജനഗർ ഡെപ്യുട്ടി കമ്മിഷണർ എം.ആർ. രവിക്ക് ഏതാനും ദിവസങ്ങൾക്കുമുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ചടങ്ങുകളിൽ പങ്കാളിയായിരുന്ന പൂജാരിയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. ജില്ലാചുമതലയുള്ള മന്ത്രി എസ്. സുരേഷ് കുമാർ, എം.എൽ.എ.മാരായ എൻ. മഹേഷ്, ആർ. നരേന്ദ്ര, അസിസ്റ്റന്റ് കമ്മിഷണർ ഗിരീഷ് എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. ഇവർക്കുപുറമേ നൂറുകണക്കിനു വിശ്വാസികളും ദർശനത്തിനെത്തിയിരുന്നു.