ബെംഗളൂരു : ശമ്പളം വർധിപ്പിക്കണമെന്നതുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് കർണാടക ആർ.ടി.സി, ബി.എം.ടി.സി. ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് യാത്രക്കാരെ വലച്ചു. ആദ്യദിനമായ ബുധനാഴ്ച പണിമുടക്ക് പൂർണമായിരുന്നു. കേരളത്തിലേക്കുൾപ്പെടെയുള്ള അന്തസ്സംസ്ഥാന ബസുകളും സർവീസ് നടത്തിയില്ല. നോർത്ത് വെസ്റ്റ് കർണാടക ആർ.ടി.സി., നോർത്ത് ഈസ്റ്റ് കർണാടക ആർ.ടി.സി. തുടങ്ങിയ മേഖലാതല ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ജീവനക്കാരും പണിമുടക്കിലാണ്. വിമാനത്താവളത്തിലേക്കുള്ള വായുവജ്ര ബസുകളും സർവീസ് നടത്തിയില്ല.

അതേസമയം വ്യാഴാഴ്ചകൂടി സ്ഥിതിഗതികൾ നിരീക്ഷിച്ചശേഷം ശക്തമായ നടപടി സ്വീകരിക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. അവശ്യസേവന നിയമം (എസ്മ) പ്രയോഗിക്കാനുള്ള സാധ്യതകളും പരിശോധിച്ചുവരികയാണ്. എന്നാൽ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പണിമുടക്കിൽനിന്ന് പിന്നോട്ടില്ലെന്നാണ് തൊഴിലാളി സംഘടനകളുടെ നിലപാട്. എസ്മ പ്രയോഗിക്കുകയാണെങ്കിൽ ജീവനക്കാർ കുടുംബത്തോടൊപ്പം ജയിലിൽ പോകുമെന്ന് കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സി. എംപ്ലോയീസ് നേതാവ് കൊടിഹള്ളി ചന്ദ്രശേഖരൻ പറഞ്ഞിരുന്നു.

കെ.എസ്.ആർ.ടി.സി. എംപ്ലോയീസ് അസോസിയേഷൻ, കെ.എസ്.ആർ.ടി.സി. എംപ്ലോയീസ് ലീഗ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല പണിമുടക്ക് നടക്കുന്നത്. ആറാം ശമ്പളക്കമ്മിഷൻ നിർദേശം അനുസരിച്ചുള്ള ശമ്പളം വിതരണം ചെയ്യുക, ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ട്രാൻസ്‌പോർട്ട് ജീവനക്കാരെയും ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികൾ ഉന്നയിക്കുന്നത്.

പെരുവഴിയിൽ യാത്രക്കാർ

പണിമുടക്കിനെ നേരിടാൻ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകുന്നതുൾപ്പെടെയുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിരുന്നെങ്കിലും ഒട്ടുമിക്ക പ്രദേശങ്ങളിലും യാത്രക്കാർ ദുരിതത്തിലായി. ബെംഗളൂരുവിൽ 4000 മുതൽ 8000 സ്വകാര്യ ബസുകൾവരെ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും ചുരുക്കം സ്വകാര്യ ബസുകൾ മാത്രമാണ് ഓടിയത്. സർവീസ് നടത്തിയ ബസുകളിൽ വലിയ തിരക്കും അനുഭവപ്പെട്ടു. ബസ് സ്‌റ്റേഷനുകളിൽനിന്ന് യാത്രക്കാരെ കയറ്റാനും ഇറക്കാനും സ്വകാര്യ വാഹനങ്ങൾക്ക് അനുമതിയുണ്ടായിരുന്നെങ്കിലും മജെസ്റ്റിക്, ബനശങ്കരി, ശാന്തിനഗർ, സാറ്റലൈറ്റ്, യശ്വന്തപുര ബസ് സ്‌റ്റേഷനുകളിൽ വാഹനം ലഭിക്കാതെ നൂറുകണക്കിന് യാത്രക്കാരാണ് കുടുങ്ങിയത്.

മറ്റു ജില്ലകളിലും പണിമുടക്ക് യാത്രക്കാരെ ബാധിച്ചു. ഗ്രാമീണമേഖലകളിലേക്ക് സർവീസ് നടത്തുന്ന കർണാടക ആർ.ടി.സി. ബസുകൾ ഓട്ടം നിർത്തിയതോടെ നൂറുകണക്കിന് ഗ്രാമീണരാണ് വലഞ്ഞത്. ധാർവാഡ്, ബാഗൽകോട്ട് തുടങ്ങിയ ജില്ലകളിലും ആർ.ടി.സി. ബസുകൾ നിരത്തിലിറങ്ങിയില്ല. ഉഡുപ്പി, ശിവമോഗ, ദക്ഷിണ കന്നഡ ജില്ലകളിൽ സ്വകാര്യ ബസുകൾ കൂടുതലുള്ളതിനാൽ അത്യാവശ്യ യാത്രകൾ മുടങ്ങിയില്ല.

പണിമുടക്കിനുപിന്നിൽ നിക്ഷിപ്ത താത്പര്യം -മുഖ്യമന്ത്രി

ജീവനക്കാരുടെ ആവശ്യങ്ങൾ നടപ്പാക്കുമെന്ന് ഡിസംബറിൽ ഉറപ്പുനൽകിയിട്ടും വീണ്ടും പണിമുടക്കുന്നതിനുപിന്നിൽ ചിലരുടെ നിക്ഷിപ്ത താത്പര്യമാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. പണിമുടക്ക് നടത്തുന്ന ജീവനക്കാർ ചർച്ചയ്ക്ക് തയ്യാറാകണം. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സാഹചര്യങ്ങൾ മനസ്സിലാക്കാൻ ജീവനക്കാർ തയ്യാറാകണമെന്നും മുഖ്യമന്ത്രി ബെലഗാവിയിൽ പറഞ്ഞു.

അതേസമയം കൂടുതൽ സ്വകാര്യബസുകൾക്ക് അനുമതി നൽകുമെന്നും പണിമുടക്ക് ശമ്പളം നൽകുന്നതിന് ബുദ്ധിമുട്ടാകുമെന്നും ഗതാഗതവകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി പറഞ്ഞു. പണിമുടക്ക് പിൻവലിച്ചാൽ വിഷയം ചർച്ചചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

സ്‌പെഷ്യൽ തീവണ്ടികൾ സർവീസ് നടത്തും

സർക്കാർ നിർദേശമനുസരിച്ച് ഈ മാസം പത്തുവരെ കൂടുതൽ തീവണ്ടികൾ സർവീസ് നടത്തുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. വിജയപുര, ബെലഗാവി, ബീദർ, കാർവാർ, കലബുറഗി എന്നീ ജില്ലകളിലാണ് കൂടുതൽ തീവണ്ടികൾ സർവീസ് നടത്തുന്നത്. ബെംഗളൂരുവിനും മൈസൂരുവിനുമിടയിൽ ഇന്റർസിറ്റി തീവണ്ടികളും സർവീസ് നടത്തും.

യാത്രക്കാരെ പിഴിഞ്ഞ് ഒട്ടോകൾ

ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ പണിമുടക്കിൽ നേട്ടമുണ്ടാക്കിയത് ഒട്ടോക്കാരാണ്. പലയിടങ്ങളിലേക്കും ഇരട്ടിയിലധികം തുകയാണ് ഓട്ടോറിക്ഷകൾ ഈടാക്കിയത്.

മറ്റ് യാത്രാമാഗങ്ങളില്ലാത്തതിനാൽ ജോലിസ്ഥലത്തെത്താൻ ഒട്ടുമിക്കയാളുകളും ഓട്ടോറിക്ഷയാണ് ഉപയോഗിച്ചത്. ടാക്‌സി കാറുകളിലും സർവീസ് നടത്തിയ സ്വകാര്യ ബസുകളിലും ഇരട്ടിത്തുകയാണ് ഈടാക്കിയത്. അതേസമയം പണിമുടക്കിനെത്തുടർന്ന് ഇടവേളകൾ കുറച്ച് മെട്രോ ട്രെയിനുകൾ സർവീസ് നടത്തിയത് യാത്രക്കാർക്ക് അനുഗ്രഹമായി. എന്നാൽ മെട്രോയിൽ സഞ്ചരിക്കാൻ സ്മാർട്ട് കാർഡ് നിർബന്ധമാണ്.