ബെംഗളൂരു : വടക്കൻ കർണാടകത്തിലെ വിജയനഗര കുഡ്‌ലിഗി താലൂക്കിൽ മിന്നലേറ്റ് നാലു പേരും റായ്ച്ചൂരിൽ ഒരാളും മരിച്ചു. വിജയനഗരയിൽ ചിന്നപ്പ (40), വീരണ്ണ (50), ബി. പത്രെപ്പ (43), രാജശേഖർ (32) എന്നിവരാണ് മരിച്ചത്. മഴപെയ്യാൻ തുടങ്ങിയപ്പോൾ മരത്തിനുകീഴിൽ നിൽക്കുന്നതിനിടെയാണ് ചിന്നപ്പയ്ക്കും വീരണ്ണയ്ക്കും മിന്നലേറ്റത്. വീടിന്റെ മേൽക്കൂരയിലെ ചോർച്ച അടയ്ക്കുന്നതിനിടെയാണ് പത്രെപ്പയ്ക്ക് മിന്നലേറ്റത്. വീട്ടിൽനിന്ന് ഗ്രാമത്തിലെ കടയിലേക്കുപോയവഴിക്കാണ് രാജശേഖർ അപകടത്തിൽപ്പെട്ടത്. റവന്യു ഉദ്യോഗസ്ഥരും പോലീസും അപകട സ്ഥലങ്ങൾ സന്ദർശിച്ചു. റായ്ച്ചൂർ ജില്ലയിലെ മുനഗല ഗ്രാമത്തിൽ സിദ്ധമ്മ ഭീമപ്പ (45) എന്ന സ്ത്രീയാണ് മിന്നലേറ്റ് മരിച്ചത്.