ജീവനക്കാർ സമയോചിതമായി ഇടപെട്ടു

മൈസൂരു : നഗരത്തിലെ കെ.ആർ. ആശുപത്രിയിലെ 13 കിലോലിറ്ററിന്റെ ദ്രവീകൃത ഓക്സിജൻ ടാങ്ക് കട്ടപിടിച്ചു. ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് വൈകാതെ തന്നെ ടാങ്ക് പൂർവസ്ഥിതിയിലാക്കാൻ സാധിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

സാങ്കേതികപ്രശ്നത്തെത്തുടർന്ന് താപനിലയിൽ മാറ്റംവന്നതോടെയാണ് ഓക്സിജൻ ടാങ്ക് കട്ടപിടിച്ചത്. ഇതോടെ ടാങ്കിനുചുറ്റും ഐസ് കട്ടകൾ രൂപപ്പെട്ടു. ടാങ്കിൽനിന്നുള്ള പൈപ്പിൽ തടസ്സമുണ്ടായത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതോടെയാണ് ടാങ്ക് കട്ടപിടിച്ച വിവരം മനസ്സിലായത്. ഉടൻതന്നെ ജീവനക്കാർ ഉന്നത അധികൃതരെ വിവരമറിയിക്കുകയും തുടർന്ന് അഗ്നിരക്ഷാസേന എത്തുകയും ചെയ്തു. രണ്ടുമണിക്കൂറിലധികം സമയം ടാങ്കിലേക്ക് വെള്ളം പമ്പുചെയ്താണ് ഐസ് കട്ടകൾ നീക്കി ടാങ്ക് പൂർവസ്ഥിതിയിൽ എത്തിച്ചത്.

നിലവിൽ, 500-ലധികം കോവിഡ് രോഗികളാണ് ഓക്സിജൻ പിന്തുണയോടെ കെ.ആർ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ടാങ്കിലുള്ള ദ്രവീകൃത ഓക്സിജൻ വാതകമാക്കി മാറ്റി പൈപ്പിലൂടെയാണ് രോഗികൾക്ക് എത്തിക്കുന്നത്. ടാങ്ക് കട്ടപിടിച്ച വിവരം അറിയാൻ വൈകിയിരുന്നെങ്കിൽ രോഗികളുടെ ജീവൻ അപകടത്തിലാവുമായിരുന്നെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. കഴിഞ്ഞവർഷമാണ് ടാങ്ക് സ്ഥാപിച്ചത്.