ബെംഗളൂരു : ബെംഗളൂരുവിൽ കോവിഡ് കിടക്കകൾ ലഭ്യമാക്കുന്നതിലെ അഴിമതിക്ക് ഉത്തരവാദി താനാണെന്ന രീതിയിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെതിരേ ബി.ബി.എം.പി. ജോയന്റ് കമ്മിഷണർ സർഫറാസ് ഖാൻ പോലീസിൽ പരാതി നൽകി. ബി.ബി.എം.പി. കോവിഡ് വാർ റൂമിലെ പലരും കോവിഡ് കിടക്കകൾ ലഭ്യമാക്കുന്നതിൽ അഴിമതി നടത്തുന്നതായി തേജസ്വി സൂര്യ എം.പി. ആരോപിച്ചതിനുപിന്നാലെയാണ് സർഫറാസ് ഖാൻ പരാതി നൽകിയത്.

വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ പോലീസിന് നിർദേശം നൽകാൻ സർഫറാസ് ഖാൻ ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടു. കോവിഡ് ആശുപത്രി ബെഡ് മാനേജ്‌മെന്റ് സംവിധാനത്തിലും വാർ റൂമിലും തനിക്ക് ഒരുപങ്കും ഇല്ലെന്നും ബി.ബി.എം.പി.യുടെ സോണൽ കമ്മിഷണർമാരാണ് വാർ റൂമുകൾക്ക് മേൽനോട്ടം വഹിക്കുന്നതെന്നും സർഫറാസ് ഖാൻ പരാതിയിൽ ചൂണ്ടിക്കാട്ടി.