ബെംഗളൂരു : സംസ്ഥാനത്ത് രണ്ടാഴ്ച കോവിഡ് കർഫ്യൂ നടപ്പാക്കിയിട്ടും രോഗവ്യാപനം കുറയാത്ത സാഹചര്യത്തിൽ ഈ മാസം 12-നുശേഷം 14 ദിവസം സമ്പൂർണ ലോക്ഡൗൺ സർക്കാരിന്റെ പരിഗണനയിൽ. ലോക്ഡൗൺ ഏർപ്പെടുത്തുന്നതു സംബന്ധിച്ച് പ്രധാനമന്ത്രിയുടെ നിർദേശത്തിന് കാത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. പ്രധാനമന്ത്രിയുടെ നിർദേശം എന്താണെങ്കിലും അനുസരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണ്. ഇക്കാര്യത്തിൽ ഉടൻതന്നെ കേന്ദ്രനിർദേശമുണ്ടാകും -യെദ്യൂരപ്പ പറഞ്ഞു.

12 വരെയാണ് സംസ്ഥാനത്ത് കോവിഡ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, നിർമാണപ്രവർത്തനങ്ങൾ, ഫാക്ടറികൾ തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങളില്ല. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ഉച്ചവരെ പ്രവർത്തിപ്പിക്കാനും അനുമതിയുണ്ട്. റോഡുകളിൽ പരിശോധനയുണ്ടെങ്കിലും പകുതിയോളം വാഹനങ്ങളും നിരത്തിലുണ്ട്. ഇതോടെ കോവിഡ് വ്യാപനം തടയുന്നതിൽ കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ കണ്ടെത്തൽ. സമ്പൂർണ ലോക്ഡൗൺ വേണമെന്ന് ആരോഗ്യപ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു.

മേയിൽ മുഴുവനായി നിയന്ത്രണം കൊണ്ടുവന്നാൽ ജൂണോടെ വ്യാപനത്തോത് കുറയ്ക്കാൻ കഴിയുമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിഗമനം. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗവും നിയന്ത്രണം നീട്ടുന്ന കാര്യം ചർച്ചചെയ്തിരുന്നു. രോഗികൾ വർധിക്കുന്ന സാഹചര്യമുണ്ടായാൽ ചികിത്സാസൗകര്യമൊരുക്കൽ കനത്ത വെല്ലുവിളിയാകുമെന്നാണ് മന്ത്രിസഭയുടെ വിലയിരുത്തൽ. മറ്റു മാർഗങ്ങളില്ലെങ്കിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുന്നതിൽ തെറ്റില്ലെന്ന പൊതുവികാരമാണ് മന്ത്രിസഭായോഗത്തിലുണ്ടായത്. അതേസമയം, അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരേ കർശനനടപടി സ്വീകരിക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. നഗരത്തിൽ കൂടുതൽ പ്രദേശങ്ങളിൽ പരിശോധനയ്ക്ക് പോലീസുകാരെ നിയോഗിക്കും. ഇടറോഡുകൾ അടയ്ക്കാനും തീരുമാനമുണ്ട്.