ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ച ബെംഗളൂരു അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് യൂണിവേഴ്‌സിറ്റിയിലെ ചടങ്ങ് മാറ്റിവെച്ചു.നരേന്ദ്രമോദിയ്ക്ക് എത്താൻ അസൗകര്യം നേരിട്ടതിനെത്തുടർന്നാണിത്. സർവകലാശാലയിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം തിങ്കളാഴ്ച പ്രധാനമന്ത്രി നടത്തുമെന്നാണ് അറിയിച്ചിരുന്നത്. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ നടത്തിവരികയായിരുന്നു.

ചടങ്ങിൽ പ്രധാനമന്ത്രി എത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി സി.എൻ. അശ്വന്ത് നാരായണനാണ് നേരത്തേ അറിയിച്ചത്. ഇതേത്തുടർന്ന് സർവകലാശാലയിലേക്കുള്ള റോഡ് നന്നാക്കുന്നതിന് കോർപ്പറേഷൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുത്തിരുന്നു.

പൊളിഞ്ഞു കിടന്ന റോഡ് ദിവസങ്ങൾക്കുള്ളിൽ ഗതാഗതയോഗ്യമാക്കി.

റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുതിൻ ഡൽഹിയിൽ സന്ദർശനത്തിനെത്തുന്നതിനാലാണ് പ്രധാനമന്ത്രിക്ക് ബെംഗളൂരു യാത്ര മാറ്റേണ്ടിവന്നതെന്നാണ് വിവരം. സർവകലാശാലയിലെ ചടങ്ങ് ഈ മാസം അവസാനമോ ജനുവരി ആദ്യമോ നടത്താനാണ് ഇപ്പോഴത്തെ നീക്കം.