ബെംഗളൂരു : തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യും ജെ.ഡി.എസും തമ്മിൽ സഖ്യമുണ്ടാകാൻ സാധ്യതയില്ലെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി. ഏതാനും ദിവസങ്ങൾക്കുമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജെ.ഡി.എസ്. ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് ജോഷിയുടെ പരാമർശം. ഞായറാഴ്ച ഹുബ്ബള്ളിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ജോഷി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും മുൻ പ്രധാനമന്ത്രി കൂടിയായ ദേവഗൗഡയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയപ്രാധാന്യമില്ലെന്ന് ജോഷി പറഞ്ഞു. ഹാസനിൽ ഐ.ഐ.ടി. വേണമെന്നത് ദേവഗൗഡയുടെ ആവശ്യമാണെന്ന് കരുതുന്നു. എന്നാൽ, തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യും ജെ.ഡി.എസും തമ്മിൽ സഖ്യമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കരുതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കർണാടകയിൽ മുഖ്യമന്ത്രിയെ മാറ്റുമെന്നുള്ള വാർത്തകളോടും പ്രൾഹാദ് ജോഷി പ്രതികരിച്ചു. നിലവിൽ, ബി.ജെ.പി.ക്ക് മുന്നിൽ അത്തരമൊരു പദ്ധതിയില്ല. കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായാണ് ഇത് പറയുന്നത്. മുഖ്യമന്ത്രി മാറില്ല. ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി തുടരും. നേതൃമാറ്റത്തെക്കുറിച്ച് ആരും സംസാരിക്കരുതെന്നും ജോഷി വ്യക്തമാക്കി.