ബെംഗളൂരു : പോലീസുകാരെ നായകളോട് ഉപമിച്ച കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയ്ക്കെതിരേ പോലീസിൽ പരാതി. കർണാടക രാജ്യ റെയ്ത്ത സംഘ, ഹസിരു സേനെ എന്നീ സംഘടനകളാണ് ചിക്കമഗളൂരു ജില്ലയിലെ കൊപ്പ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ആഭ്യന്തരമന്ത്രിയുടെ പരാമർശം പോലീസ് സേനയുടെ അന്തസ്സ്‌ കുറയ്ക്കുമെന്നും ആത്മാഭിമാനത്തിന് കോട്ടം വരുത്തുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

പൊതുസമൂഹത്തിന് അരക്ഷിതാവസ്ഥ തോന്നിപ്പിക്കുന്ന പരാമർശം നടത്തിയതിൽ മന്ത്രിക്കെതിരേ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

പോലീസുകാർ നായ്ക്കളെപ്പോലെയാണ് ജീവിക്കുന്നതെന്നും കൈക്കൂലിവാങ്ങാൻ വേണ്ടി എന്തും ചെയ്യുന്നവരാണെന്നും ആഭ്യന്തരമന്ത്രി പറയുന്നതിന്റെ വീഡിയോ വൈറലായിരുന്നു.

പശുക്കളെ കടത്തുന്നതിൽ പോലീസിനുള്ള പങ്കിനെക്കുറിച്ചറിഞ്ഞ് ചിക്കമഗളൂരുവിലെ ഉന്നതപോലീസ് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് ശകാരിക്കുന്നതിനിടെയായിരുന്നു വിവാദപരാമർശം. കന്നുകാലികളെ സ്ഥിരമായി കടത്തുന്ന കാര്യം പോലീസുകാർക്ക് അറിയാമായിട്ടും കൈക്കൂലി വാങ്ങുകയാണെന്നും നിങ്ങൾക്ക് കുറച്ചെങ്കിലും ആത്മാഭിമാനമുണ്ടോയെന്നും മന്ത്രി ചോദിക്കുന്നു. ജോലിചെയ്യാൻ കഴിയില്ലെങ്കിൽ യൂണിഫോം അഴിച്ചുവെച്ച് വീട്ടിൽപോകട്ടെ. ഇവരെ വിശ്വസിച്ച് ജനങ്ങൾക്ക് എങ്ങനെയാണ് ജീവിക്കാനാകുക. ഞാൻ ഇതുവരെ ഇങ്ങനെ സംസാരിച്ചിട്ടില്ലെന്നും മന്ത്രി പറയുന്നുണ്ട്.

സംഭവം വിവാദമായതോടെ എല്ലാ പോലീസുകാരെയുമല്ല പരാമർശിച്ചതെന്നും കന്നുകാലി കടത്തുകാരെ പിന്തുണക്കുന്ന പോലീസുകാരെയാണ് വിമർശിച്ചതെന്നും അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. സംസ്ഥാനത്തെ പോലീസ് സേന മികച്ചതാണെന്നും ആഭ്യന്തര മന്ത്രിയെന്ന നിലയിൽ പോലീസുകാരെ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിയുടെ പരാമർശത്തിനെതിരേ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രംഗത്തെത്തി. കഴിഞ്ഞ നാലുമാസത്തിനിടെ പോലീസ് സേനയിൽ ഒരു ക്രിയാത്മക മാറ്റവും കൊണ്ടുവരാൻ സാധിക്കാത്തതിനാലാണ് ആഭ്യന്തരമന്ത്രി പൊതുസമൂഹത്തിനുമുന്നിൽ ദേഷ്യം പ്രചരിപ്പിക്കുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു. പോലീസ് സേന അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്ന് മന്ത്രിക്ക് തിരിച്ചറിവുണ്ടായിരിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അരഗ ജ്ഞാനേന്ദ്രയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

പരാമർശം എല്ലാ പോലീസുകാരെയും കുറിച്ചല്ലെന്നും കൈക്കൂലിവാങ്ങുന്ന പോലീസുകാരെ കുറിച്ചാണെന്നും ബൊമ്മെ പറഞ്ഞു.