ബെംഗളൂരു : സംസ്ഥാനത്തെ സ്കൂളുകളിൽ ആറു മുതൽ എട്ടുവരെ ക്ലാസുകൾ തിങ്കളാഴ്ചതുറക്കും. കഴിഞ്ഞ വർഷം മാർച്ചിൽ കോവിഡ് വ്യാപനം ആരംഭിച്ചതോടെ മുടങ്ങിയ ക്ലാസുകളാണ് ഒന്നര വർഷത്തിനുശേഷം പുനരാരംഭിക്കുന്നത്. കോവിഡ് മൂന്നാം തരംഗം ഉണ്ടായേക്കുമെന്നും ഇത് കുട്ടികളെയാണ് ഏറെയും ബാധിക്കുകയെന്നും ആശങ്ക നിലനിൽക്കുന്നതിനിടെയാണ് ചെറിയ ക്ലാസുകളിലെ കുട്ടികളും വിദ്യാലയത്തിലെത്തുന്നത്. ഇതുവരെ ഇവർ ഓൺലൈൻ ക്ലാസുകൾ വഴിയാണ് പഠനം നടത്തിവന്നത്.

കോവിഡ് സാങ്കേതിക വിദഗ്ധ സമിതിയുടെ ഉപദേശ പ്രകാരമാണ് ആറുമുതൽ എട്ടു വരെ ക്ലാസുകൾ പുനരാരംഭിക്കാൻ സർക്കാർ തീരുമാനമെടുത്തത്. ഒമ്പതുമുതൽ 12 വരെ ക്ലാസുകൾ കഴിഞ്ഞ 23-ന് പുനരാരംഭിച്ചിരുന്നു. സംസ്ഥാനത്തെ കോളേജുകളിൽ ജൂലായിൽ ക്ലാസുകൾ പുനരാരംഭിച്ചു.

ആറു മുതൽ എട്ടു വരെ ക്ലാസുകളിൽ സർക്കാർ പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഒരോ ക്ലാസിലേയും വിദ്യാർഥികളെ രണ്ടു ബാച്ചുകളിലാക്കി ഒന്നിടവിട്ട ദിവസങ്ങളിലാണ് പ്രവേശനം അനുവദിക്കുക. രാവിലെ 9.30 മുതൽ 1.30 വരെയും ഉച്ചയ്ക്ക് 1.30 മുതൽ നാലുവരെയുമായിരിക്കും ക്ലാസുകൾ. ഒരു ബാച്ചിൽ പരമാവധി 20 വിദ്യാർഥികളെ ഉൾപ്പെടുത്തും. ശനിയാഴ്ച അവധിയായിരിക്കും. സ്കൂളും പരിസരപ്രദേശവും അണുവിമുക്തമാക്കാൻ ശനിയാഴ്ചകൾ നീക്കിവെക്കും.

നേരിട്ടുള്ള ക്ലാസുകളിൽ പങ്കെടുക്കാൻ താത്‌പര്യമില്ലാത്ത വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് തിരഞ്ഞെടുക്കാം. രക്ഷിതാക്കളുടെ അനുമതിപത്രത്തോടെയാണ് സ്കൂളിലെത്തേണ്ടത്. സ്കൂൾ സമയത്ത് പുറത്തുപോകാൻ അനുവദിക്കില്ല. കുടിവെള്ളവും ഭക്ഷണവും വീട്ടിൽനിന്ന് കൊണ്ടുവരണം. രോഗലക്ഷണങ്ങളുള്ളവർ സ്കൂളിലെത്തരുത്. വാക്സിനെടുക്കാത്ത രക്ഷിതാക്കളെയോ ജീവനക്കാരെയോ സ്കൂളിൽ പ്രവേശിപ്പിക്കില്ല.

അതേസമയം, ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ പുനരാരംഭിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

തിങ്കളാഴ്ച തുടങ്ങുന്ന ആറുമുതൽ എട്ടുവരെ ക്ലാസുകൾ നടക്കുന്നത് നിരീക്ഷിച്ച ശേഷം ഇതേപ്പറ്റി ആലോചിക്കും-മുഖ്യമന്ത്രി അറിയിച്ചു.