ബെംഗളൂരു : ഐ.ടി. നഗരമായ ബെംഗളൂരുവിൽ റോഡുകൾ തകർന്ന നിലയിലാണ്. മിക്കറോഡുകളിലും കുഴികൾ രൂപപ്പെട്ടു. വാഹനങ്ങളിൽ യാത്രചെയ്യുന്നവരുടെ ശ്രദ്ധ പിഴച്ചാൽ കുഴിയിൽ ചാടി അപകടത്തിൽപ്പെടും. ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്നവർക്കാണ് കൂടുതൽ പ്രയാസം.

നഗരത്തിലെ തിരക്കേറിയ ശിവാജിനഗഗർ, വസന്തനഗർ, സുൽത്താൻ പാളയ, കോറമംഗല, വിവേക് നഗർ, ബൊമ്മനഹള്ളി, അഞ്ജനപുര, ശേഷാദ്രിപുരം എന്നിവിടങ്ങളിലെ റോഡുകളിൽ അപകടക്കുഴികൾ നിറഞ്ഞു. മഴപെയ്യുന്നതു കാരണം കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് അപകടഭീഷണി വർധിപ്പിക്കുന്നു. അഞ്ജനപുര ഭാഗത്ത് തകർന്നു കിടക്കുന്ന റോഡിൽ മഴവെള്ളവും ചെളിയും രൂപപ്പെട്ട് കാൽനടയാത്ര അസഹ്യമായി. കെട്ടിനിൽക്കുന്ന വെള്ളത്തിൽ കഴിഞ്ഞദിവസം കുട്ട വള്ളമിറക്കിയും നെൽച്ചെടികൾ നട്ടും പ്രദേശവാസികൾ പ്രതിഷേധിച്ചിരുന്നു.

നഗരത്തിൽ സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി ഒട്ടേറെ റോഡുകൾ കുഴിച്ച് കേബിളിടുന്ന പ്രവൃത്തി നടന്നു വരുകയാണ്. ഇതിന്റെ ഭാഗമായി പല റോഡുകളിലും വലിയ കുഴികളാണ്.

കേബിളിടുന്ന പ്രവൃത്തികൾ അവസാനിപ്പിച്ച് തൊഴിലാളികൾ മടങ്ങുമ്പോഴും റോഡുകൾ നന്നാക്കാൻ നടപടിയില്ല. മാസങ്ങളായി പൊടിയും ചെളിയും നിറഞ്ഞ് കിടക്കുന്ന റോഡുകൾ നിരവധിയാണ്.

റോഡുകൾ പൊളിഞ്ഞു കിടക്കുന്നതിൽ വ്യാപകമായ പ്രതിഷേധമുയരുന്നുണ്ട്. അതിനിടെ റോഡുകളിലെ കുഴിയടയ്ക്കാൻ മേഖലകൾ തോറും കർമസമിതി രൂപവത്‌കരിക്കുമെന്ന് ബെംഗളൂരു കോർപ്പറേഷൻ (ബി.ബി.എം.പി.) അറിയിച്ചു.

ചീഫ് എൻജിനിയർ, എക്സിക്യൂട്ടീവ് എൻജിനിയർമാർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർമാർ, വാർഡ് എൻജിനിയർമാർ എന്നിവർ സമിതിക്ക് മേൽനോട്ടം വഹിക്കും. കുഴിയടയ്ക്കാൻ ഓരോ വാർഡിലേക്കും 20 ലക്ഷം രൂപ വീതം അനുവദിച്ചു.