ബെംഗളൂരു : നഷ്ടത്തിൽനിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കർണാടക ആർ.ടി.സി. യെ കരകയറ്റാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ സംസ്ഥാന സർക്കാർ വിദഗ്ധ സമിതിയെ നിയോഗിക്കുന്നു. വരുമാനം വർധിപ്പിക്കാനും ദൈനംദിന ചെലവ് കുറയ്ക്കാനുമുള്ള നിർദേശങ്ങളാണ് സർക്കാർ വിദഗ്ധ സമിതിയിൽനിന്ന് തേടുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ വിദഗ്ധ സമിതി നിലവിൽ വരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

കോവിഡ് സാഹചര്യത്തിൽ കനത്തനഷ്ടം നേരിടുകയാണ് കർണാടക ആർ.ടി.സി. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവും അന്തസ്സംസ്ഥാന സർവീസുകൾ പൂർണമായി തുടങ്ങാൻ കഴിയാത്തതുമാണ് പ്രതിസന്ധിയാകുന്നത്. ഇതിനിടെ ഡീസൽ വില കുതിർച്ചുയർന്നതും തിരിച്ചടിയായി.

വരുമാനം ഇടിഞ്ഞതോടെ ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും സർക്കാരിൽ നിന്നുള്ള സഹായം ലഭിക്കണം. ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്ന സമയത്ത് 2300 കോടിയും ബസവരാജ് ബൊമ്മെ അധികാരത്തിൽ വന്നശേഷം 108 കോടിയുമാണ് കർണാടക ആർ.ടി.സി.ക്ക് നൽകിയ സഹായധനം.

യാത്രക്കാരിൽ നിന്നുള്ള വരുമാനത്തിന് പുറമേ മറ്റു വരുമാന മാർഗങ്ങളും കണ്ടെത്തി ഉപയോഗപ്പെടുത്താൻ കർണാടക ആർ.ടി.സി. തയ്യാറാകണമെന്ന് ഗതാഗതമേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.

വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബസുകളിലും ബസ് സ്റ്റാൻഡുകളിലും പരസ്യംചെയ്യാനുള്ള സംവിധാനം കർണാടക ആർ.ടി.സി. ക്കുണ്ടായിരുന്നെങ്കിലും കോവിഡ് കാലത്ത് ഇത്തരം വരുമാനവും പൂർണമായും ഇല്ലാതായി. പ്രത്യേക പാക്കേജ് യാത്രകളായിരുന്നു മറ്റൊരു വരുമാനം. യാത്രാനിയന്ത്രണങ്ങളുള്ളതിനാൽ ഇതും ഇപ്പോൾ നിർജീവമാണ്.

ബി.എം.ടി.സി. എ.സി. ബസുകൾ സാധാരണ ബസുകളാക്കും

വരുമാനം കുറഞ്ഞതോടെ ബി.എം.ടി.സി.യുടെ എ.സി. വോൾവോ ബസുകൾ സാധാരണ ബസുകളാക്കി മാറ്റി സർവീസ് നടത്തുന്ന കാര്യം പരിഗണനയിൽ. ആദ്യ ഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ രണ്ടുബസുകൾ സാധാരണ ബസുകളാക്കി മാറ്റാനാണ് ആലോചന.

മാറ്റം കൊണ്ട് നേട്ടമുണ്ടാകുന്നുണ്ടെങ്കിൽ മറ്റു ബസുകളും സമാനമായ രീതിയിൽ മാറ്റും. എ.സി. ബസുകൾ ഓടിക്കുന്നതിന് വൻചെലവ് വരുമെന്നതാണ് ബി.എം.ടി.സി.ക്ക് തിരിച്ചടിയാകുന്നത്. എന്നാൽ ഈ ബസുകളിൽനിന്ന്‌ കാര്യമായ വരുമാനം ലഭിക്കുന്നുമില്ല. ഇത്തരം ബസുകളിൽനിന്ന് ഇന്ധനച്ചെലവ് പോലും കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.