ബെംഗളൂരു : കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് വരുന്ന ലോറി ഡ്രൈവർമാരും സഹായികളും രണ്ടാഴ്ച കൂടുമ്പോൾ ആർ.ടി.പി.സി.ആർ. പരിശോധന നടത്തണമെന്ന് കർണാടക സർക്കാർ. രണ്ടാഴ്ചയിൽ കൂടുതൽ പഴക്കമില്ലാത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് അതിർത്തികളിൽ ഇവർ ഹാജരാക്കണം.

തീവ്രരോഗ വ്യാപനമുള്ള മഹാരാഷ്ട്രയിൽ നിന്നെത്തുന്നവർക്കും നിർദേശം ബാധകമാണ്. കർണാടക കോവിഡ് സാങ്കേതിക ഉപദേശക സമിതിയുടെ നിർദേശമനുസരിച്ച് കഴിഞ്ഞ ദിവസമാണ് ആരോഗ്യവകുപ്പ് കമ്മിഷണർ കെ.വി. ത്രിലോക്ചന്ദ്ര ഉത്തരവിറക്കിയത്. സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. കഴിഞ്ഞദി സം സംസ്ഥാനത്ത് സന്ദർശനം നടത്തിയ കേന്ദ്രസംഘവും അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകിയിരുന്നു.

നിലവിൽ കർണാടകവും കേരളവും തമ്മിൽ അതിർത്തി പങ്കിടുന്ന ചെക്പോസ്റ്റുകളിൽ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന നടത്തുന്നുണ്ട്. കണ്ണൂരുമായി അതിർത്തി പങ്കിടുന്ന മാക്കൂട്ടം, വയനാട് അതിർത്തിയിലെ മൂലഹൊള, കുട്ട, ബാവലി എന്നിവിടങ്ങളിൽ നടക്കുന്ന പരിശോധനയിൽ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമാണ് സംസ്ഥാനത്തേക്ക് കടത്തിവിടുന്നത്. തമിഴ്‌നാട് വഴി വരുന്നവരെ ബെംഗളൂരു അതിർത്തിയിലെ അത്തിബെലെയിലും പരിശോധന നടത്തിവരികയാണ്. അതിർത്തികളോട് ചേർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സ്ഥിരമായി വന്നു പോകുകയാണെങ്കിൽ രണ്ടാഴ്ചയിലൊരിക്കൽ പരിശോധന നടത്തിയ സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. അതേസമയം സംസ്ഥാനത്തെത്തി 72 മണിക്കൂറിനുള്ളിൽ നാട്ടിലേക്ക് തിരിച്ചു പോകുകയാണെങ്കിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. പകരം തിരികെപ്പോകാനുള്ള ടിക്കറ്റ് ഹാജരാക്കണം.