ബെംഗളൂരു : തുമകൂരുവിലെ രണ്ട് നഴ്‌സിങ് കോളേജുകളിലെ ഏഴു മലയാളി വിദ്യാർഥികൾക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. വരദരാജ നഴ്‌സിങ് കോളേജിലെ അഞ്ച് വിദ്യാർഥികൾക്കും അരുണ നഴ്‌സിങ് കോളേജിലെ രണ്ടുവിദ്യാർഥികൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇവരെ കോളേജ് ഹോസ്റ്റലുകളിൽ ഐസോലേഷനിൽ പ്രവേശിപ്പിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. നവംബർ 30-ന് രണ്ടുകോളേജുകളിലുമായി 15 വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തുടർന്നാണ് മറ്റ് വിദ്യാർഥികളെയും അധ്യാപകരെയും കോളേജ് ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കിയത്.

വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കോളേജ് നേരത്തേ അടച്ചിരുന്നു.

സമീപപ്രദേശങ്ങളിലായി സ്ഥിതിചെയ്യുന്ന കോളേജുകളാണ് അരുണ നഴ്‌സിങ് കോളേജും വരദരാജ നഴ്‌സിങ് കോളേജും. ഒന്നാംവർഷ വിദ്യാർഥികളുടെ പ്രവേശനത്തോടനുബന്ധിച്ച് കോളേജുകളിൽ നടന്ന പരിപാടികളിൽനിന്നാണ് രോഗവ്യാപനമുണ്ടായതെന്നാണ് നിഗമനം.