ബെംഗളൂരു : ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി.) പരിധിയിലുള്ള തടാകങ്ങളിൽ ഭൂരിഭാഗങ്ങളിലും കൈയേറ്റം നടന്നതായി റിപ്പോർട്ട്. ബി.ബി.എം.പി.യുടെ പരിധിയിൽ 204 തടാകങ്ങളുള്ളതിൽ 131 എണ്ണത്തിലും വൻതോതിൽ കൈയേറ്റം നടന്നതായാണ് കണ്ടെത്തൽ. കൈയേറ്റം നടക്കാത്തത് 20 തടാകങ്ങളിൽ മാത്രമാണെന്ന് ബി.ബി.എം.പി. റിപ്പോർട്ടിൽ പറയുന്നു.

സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും തടാകങ്ങൾ കൈയേറിയിട്ടുണ്ട്.

ബെംഗളൂരു സെൻട്രൽ ജയിൽ, ബി.ബി.എം.പി.യുടെ വിവിധ കെട്ടിടങ്ങളും ഓഫീസുകളും ബി.ഡി.എ. ലേഔട്ടുകൾ, റെയിൽവേ കെട്ടിടങ്ങൾ, നൈസ് റോഡ് എന്നിവയെല്ലാം തടാകങ്ങൾ കൈയേറി നിർമിച്ചവയാണ്.

ആശുപത്രികൾ, ഫാക്ടറികൾ എന്നിവയും തടാകങ്ങൾ കൈയേറി നിർമിച്ചിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങൾ 401 ഏക്കറും സ്വകാര്യ സ്ഥാപനങ്ങളും ചേരികളുമായി 269 ഏക്കറുമാണ് കൈയേറിയിട്ടുള്ളത്.വിവിധ സ്ഥാപനങ്ങൾ 941 ഏക്കർ കൈയേറിയതിൽ 38 ഏക്കർ മാത്രമാണ് ഒഴിപ്പിച്ചത്. അൾസൂർ തടാകം, യെലഹങ്ക, ആർ.ആർ. നഗർ, മഹാദേവപുര, ദാസറഹള്ളി, ബൊമ്മനഹള്ളി സോണുകളിലെ വിവിധ തടാകങ്ങൾ എന്നിവിടങ്ങളിൽനിന്ന് കൈയേറ്റം ബി.ബി.എം.പി. ഒഴിപ്പിച്ചിട്ടുണ്ട്.ജെ.പി. നഗറിലെ നാല് തടാകങ്ങളിലായി 90 ഏക്കർ സ്ഥലമാണ് റോഡിനും പാർക്കിനും റെയിൽവേയുടെ നിർമാണ പ്രവർത്തനങ്ങൾക്കുമായി കൈയേറിയത്.

കൗഡെനഹള്ളി തടാകത്തിലെ 36 ഏക്കറും കൈറിയിട്ടുണ്ട്. കൗഡെനഹള്ളി തടാകം കൈയറിയത് കൂടുതലും സ്വകാര്യ സ്കൂളുകളും കോളേജുകളും പള്ളിയുമാണ്.

മത്സ്യങ്ങൾ ചത്തത് മലിനജലം തടാകത്തിലെത്തിയതിനാൽ -വിദഗ്ധർ

ബെംഗളൂരു : നോർത്ത് ബെംഗളൂരുവിലെ രചെനഹള്ളി, ജക്കൂർ തടാകങ്ങളിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയത് അമിതമായി മലിനജലം തടാകത്തിൽ എത്തിയതിനാലാണെന്ന് വിദഗ്ധർ. കഴിഞ്ഞയാഴ്ചയാണ് രണ്ട് തടാകങ്ങളിലും മത്സ്യങ്ങൾ ചത്തുപൊങ്ങിയത്. കനത്ത മഴപെയ്തപ്പോൾ മഴവെള്ളത്തിനൊപ്പം മലിനജലം തടാകത്തിലെത്തിയിരുന്നു.