മൈസൂരു : ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതോടെ പ്രാദേശികതലത്തിൽ ജനങ്ങളുടെ മനസ്സുപിടിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് കർണാടകയിൽ പ്രമുഖ രാഷ്ട്രീയപ്പാർട്ടികൾ രംഗത്ത്. കേരളത്തിലേതുപോലെ മത്സരം രാഷ്ട്രീയപ്പാർട്ടികളുടെ ചിഹ്നത്തിന്റെ അടിസ്ഥാനത്തിലല്ലെങ്കിലും താഴേത്തട്ടിലുള്ള രാഷ്ട്രീയ ബലപരീക്ഷണത്തിന്റെ വേദിയായി ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ മാറ്റാനാണ് പ്രമുഖ പാർട്ടികളുടെ തീരുമാനം. ഓരോ പാർട്ടികളും തങ്ങൾക്കുവേണ്ട സ്ഥാനാർഥികളെ കണ്ടെത്തി അവരെ ജയിപ്പിച്ചു കയറ്റി താഴേത്തട്ടിൽ അധികാരമുറപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
മൈസൂരു മേഖലയിൽ ബി.ജെ.പി., കോൺഗ്രസ്, ജെ.ഡി.എസ്. പാർട്ടികളാണ് ശക്തമായി രംഗത്തുള്ളത്. തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കും മുമ്പേ ബി.ജെ.പി. പ്രചാരണരംഗത്തിറങ്ങിയിരുന്നു. വിവിധയിടങ്ങളിൽ സംഘടിപ്പിച്ച ഗ്രാമസ്വരാജ്യ കൺവെൻഷനുകൾ ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് നടത്തിയത്. മന്ത്രിമാരും സംസ്ഥാന നേതാക്കളുമുൾപ്പെടെ കൺവെൻഷനുകളിൽ പങ്കെടുക്കാനെത്തിയിരുന്നു. വളരെയധികം പ്രാധാന്യത്തോടെയാണ് പാർട്ടി ഈ തിരഞ്ഞെടുപ്പിനെ കാണുന്നതെന്ന് നേതാക്കൾ പറഞ്ഞു. താഴെത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള അവസരമായാണ് ഇതിനെ ഉപയോഗിക്കുകയെന്നും അവർ വ്യക്തമാക്കി. ബി.ജെ.പി. പിന്തുണയ്ക്കുന്ന സ്ഥാനാർഥികൾ മത്സരത്തിൽ വിജയിക്കുമെന്നും അവർ പ്രതീക്ഷ പങ്കുവെച്ചു.
ശക്തിതെളിയിക്കാനുള്ള തന്ത്രങ്ങളുമായി കോൺഗ്രസും ജെ.ഡി.എസും തയ്യാറായിക്കഴിഞ്ഞു. ഇരു പാർട്ടികളുടെയും സംസ്ഥാനനേതാക്കൾ സ്ഥാനാർഥികൾക്കുവേണ്ടി പ്രചാരണത്തിനെത്തും. താഴെത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തുക കോൺഗ്രസിന് അനിവാര്യമാണ്. പാർട്ടി പിന്തുണയ്ക്കുന്ന സ്ഥാനാർഥികൾക്കുവേണ്ടി മുൻ മുഖ്യമന്ത്രി സിദ്ദരാമയ്യ ഉൾപ്പെടെയുള്ള നേതാക്കൾ പ്രചാരണത്തിനെത്തിയേക്കും.
ജെ.ഡി.എസിനും പ്രമുഖ നേതാക്കൾ പ്രചാരണത്തിനെത്തും. ഗ്രാമപ്പഞ്ചായത്ത് തലത്തിൽ പാർട്ടി പ്രവർത്തകർക്ക് തങ്ങളുടെ നേതാക്കളെ തിരഞ്ഞെടുക്കാനുള്ള വേദിയായാണ് ഈ തിരഞ്ഞെടുപ്പിനെ കാണുന്നതെന്നാണ് ജെ.ഡി.എസ്. നേതാക്കളുടെ പ്രതികരണം. രണ്ടുതവണയായി നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ രണ്ടിലും തോൽവി ഏറ്റുവാങ്ങിയ ജെ.ഡി.എസിന് താഴേത്തട്ടിൽ പാർട്ടി ശക്തിപ്പെടുത്തുകയെന്നത് പ്രധാനമാണ്.