ബെംഗളൂരു : ബെംഗളൂരുവിൽ കോവിഡ് രോഗമുക്തരുടെ എണ്ണം അഞ്ചു ലക്ഷം കടന്നെങ്കിലും സംസ്ഥാനത്തെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് രോഗമുക്തി നിരക്ക് ബെംഗളൂരുവിൽ കുറവ്. 64.9 ശതമാനമാണ് ബെംഗളൂരുവിലെ രോഗമുക്തിനിരക്ക്. നിലവിൽ 2,81,767 പേർ ചികിത്സയിലുണ്ട്. നഗരത്തിൽ രോഗവ്യാപനം അതിവേഗത്തിലായതാണ് ചികിത്സയിലുള്ള രോഗികൾ കൂടുന്നതിനിടയാക്കിയത്. രോഗവ്യാപനത്തിനനുസരിച്ച് രോഗമുക്തി നിരക്ക് കൂടുന്നില്ല. നിലവിലുള്ള കർഫ്യു നിയന്ത്രണങ്ങൾ കുറച്ചുനാളുകൾകൂടി തുടർന്നെങ്കിൽ മാത്രമേ രോഗവ്യാപനത്തിന്റെ വേഗത നിയന്ത്രിക്കാനാകൂവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഹാവേരി, ഗദഗ്, ചിത്രദുർഗ, രാമനഗര, ഉഡുപ്പി എന്നീ ജില്ലകളിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ 90 ശതമാനം പേരും രോഗമുക്തരായിട്ടുണ്ട്. കുടക് (66 ശതമാനം), തുമകൂരു (71.6 ശതമാനം), റായ്ചൂരു (73 ശതമാനം) എന്നിവയാണ് രോഗമുക്തി നിരക്ക് കുറഞ്ഞ മറ്റു ജില്ലകൾ.

ശനിയാഴ്ചവരെ നഗരത്തിൽ 7,97,292 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 5,08,923 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 6601 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്തെ ആകെ രോഗമുക്തി നിരക്ക് 73.9 ശതമാനമാണ്. മൈസൂരുവിൽ ആകെ 82,054 പേർക്ക് കോവിഡ് ബാധിച്ചതിൽ 67,345 പേരാണ് രോഗമുക്തി നേടിയത്. 13,489 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1220 പേർ മരിക്കുകയും ചെയ്തു. ബെംഗളൂരു കഴിഞ്ഞാൽ മൈസൂരുവിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ കോവിഡ് ബാധിച്ച് മരിച്ചത്.

ബെംഗളൂരുവിൽ സജീവ കേസുകളുടെ എണ്ണം കൂടുന്നത് ആശുപത്രി കിടക്കകളുടെ ലഭ്യതക്കുറവിനിടയാക്കുകയാണ്. കോവിഡ് രോഗികളിൽ ഭൂരിഭാഗം പേരും വീടുകളിലും കോവിഡ് കെയർ കേന്ദ്രങ്ങളിലുമാണ് കഴിയുന്നത്. ഏപ്രിൽ മാസത്തിൽ ബെംഗളൂരുവിൽമാത്രം 3.38 ലക്ഷം പേർക്ക് കോവിഡ് ബാധിക്കുകയും രണ്ടായിരത്തിനടുത്ത് ആളുകൾ മരിക്കുകയും ചെയ്തു. മേയ് രണ്ടാംവാരത്തോടെ രോഗികളുടെ എണ്ണം കുറഞ്ഞില്ലെങ്കിൽ കർഫ്യു നീട്ടുമെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ വ്യക്തമാക്കിയിട്ടുണ്ട്. 30 ദിവസം കർഫ്യു ഏർപ്പെടുത്തിയാൽ ജൂൺ ആകുന്നതോടെ 16 ലക്ഷം കോവിഡ് രോഗികളുണ്ടാകാൻ സാധ്യതയുള്ളത് 13.9 ലക്ഷമായി കുറയ്ക്കാനാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.