ബെംഗളൂരു : കോവിഡ് രണ്ടാംഘട്ടവ്യാപനം അതിരൂക്ഷമായിട്ടുള്ള ബെംഗളൂരുവിൽ അടുത്തയാഴ്ചയോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുതുടങ്ങുമെന്ന് വിദഗ്ധർ. ബെംഗളൂരുവിൽ മേയ് എട്ടോടെ പുതിയ രോഗികളുടെ എണ്ണത്തിൽ പത്തുമുതൽ 20 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് സംസ്ഥാന കോവിഡ് സാങ്കേതിക ഉപദേശകസമിതി അംഗങ്ങളുടെ കണക്കുകൂട്ടൽ. അതേസമയം, ലോക് ഡൗണിന് മുമ്പായി ബെംഗളൂരുവിൽനിന്ന് മറ്റു ജില്ലകളിലേക്ക് ആയിരങ്ങൾ മടങ്ങിയ സാഹചര്യത്തിൽ സംസ്ഥാനത്തെ മറ്റുജില്ലകളിൽ കോവിഡ് കേസുകൾ ഉയരുന്നത് തുടരുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.

ഏപ്രിൽ 28 മുതൽ സംസ്ഥാനത്ത് കോവിഡ് കർഫ്യൂ നിലവിലുള്ളതിനാൽ അടുത്ത കുറച്ചുദിവസങ്ങൾക്കുള്ളിൽ വ്യാപനം കുറയുമെന്ന പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ, കെട്ടിടനിർമാണമേഖലയ്ക്കും മറ്റു വ്യവസായങ്ങൾക്കും പ്രവർത്താനുമതി നൽകിയതിനാൽ ഭാഗികമായിട്ടായിരിക്കും കർഫ്യൂവിന്റെ ഗുണം ലഭിക്കുകയെന്ന് കോവിഡ് സാങ്കേതിക ഉപദേശകസമിതി ചെയർമാൻ ഡോ. എം.കെ. സുദർശൻ പറഞ്ഞു.

മറ്റുജില്ലകളിൽ കോവിഡ് വ്യാപനം ഉയരാനുള്ള സാധ്യത പരിഗണിച്ചുകൊണ്ട് കർണാടകത്തിലെ രണ്ടാംഘട്ട വ്യാപനം ജൂൺ അവസാനത്തോടെയോ കുറയുകയുള്ളൂവെന്നാണ് കണക്കുകൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. 12-ന് കർഫ്യൂ അവസാനിക്കുമ്പോൾ നഗരത്തിലെ വ്യാപനം കുറയുന്ന കാര്യം ഉൾപ്പെടെ പരിഗണിച്ചുകൊണ്ടായിരിക്കും തുടർനടപടികൾ സർക്കാർ സ്വീകരിക്കുക. 12-നുശേഷം രണ്ടാഴ്ചകൂടി കർഫ്യൂ നീട്ടണമെന്ന് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.