ചെന്നൈ : സിനിമാതാരങ്ങളുടെ മത്സരംകൊണ്ടുകൂടി ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പ്. ഡി.എം.കെ. സഖ്യത്തിനും എ.ഐ.എ.ഡി.എം.കെ. സഖ്യത്തിനും പുറമേ മക്കൾ നീതി മയ്യത്തിനും താര സ്ഥാനാർഥികളുണ്ടായിരുന്നു. സ്വതന്ത്രരായും ചില സിനിമാതാരങ്ങൾ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങി. ജയിച്ചുകയറാനായത് ചെന്നൈ ചെപ്പോക്കിലെ ഡി.എം.കെ. സ്ഥാനാർഥി ഉദയനിധി സ്റ്റാലിൻ, ഉപതിരഞ്ഞെടുപ്പ് നടന്ന കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി വിജയ് വസന്ത് എന്നിവർക്കുമാത്രമാണ്.

കോയമ്പത്തൂർ സൗത്തിൽ മത്സരിച്ച മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ, ചെപ്പോക്കിൽ ഉദയനിധിയുടെ എതിരാളിയായിരുന്ന ബി.ജെ.പി. സ്ഥാനാർഥി ഖുശ്ബു, തിരുവൊട്ടിയൂരിലെ നാം തമിഴർ കക്ഷി സ്ഥാനാർഥി സീമാൻ, മക്കൾ നീതിമയ്യത്തിന്റെ മൈലാപ്പുർ സ്ഥാനാർഥി ശ്രീപ്രിയ, വിരുഗമ്പാക്കം സ്ഥാനാർഥി ഗാനരചയിതാവ് സ്നേഹൻ, സ്വതന്ത്ര സ്ഥാനാർഥികളായ വിരുഗമ്പാക്കത്ത് മത്സരിച്ച ഹാസ്യനടൻ മയിൽസാമി, തൊണ്ടാമുത്തൂർ മണ്ഡലത്തിൽ മത്സരിച്ച മൻസൂർ അലി ഖാൻ എന്നിവർ പരാജയപ്പെട്ടു. ഇവരിൽ മയിൽസാമിക്കും മൻസൂർ അലി ഖാനും കെട്ടിവെച്ച പണവും നഷ്ടമായി.