മൈസൂരു : ചാമരാജനഗറിൽ 24 കോവിഡ് രോഗികൾ മരിച്ച സംഭവത്തിൽ ഓക്സിജൻ വിതരണത്തെച്ചൊല്ലി പരസ്പരം പഴിചാരി ഡെപ്യൂട്ടി കമ്മിഷണർമാർ. മൈസൂരുവിൽനിന്നാണ് ജില്ലയിലേക്കുള്ള ഓക്സിജൻ വരുന്നതെന്നും മൈസൂരു ജില്ലാ അധികൃതർ വിതരണം വൈകിപ്പിച്ചതാണ് അഭാവത്തിന് ഇടയാക്കിയതെന്നും ചാമരാജനഗർ ഡെപ്യൂട്ടി കമ്മിഷണർ (ഡി.സി.) എം.ആർ. രവി പറഞ്ഞു. എന്നാൽ, ഇക്കാര്യം നിഷേധിച്ച് മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ രോഹിണി സിന്ദൂരി രംഗത്തുവന്നു.

‘‘കോവിഡ് ബാധിച്ചവരും അല്ലാത്തവരുമായ ഒട്ടേറെ രോഗികൾ മൈസൂരുവിൽനിന്ന് ഓക്സിജൻ വിതരണം വൈകിയത് കാരണം മരിച്ചു. കോവിഡ് ബാധയും ഓക്സിജൻ ദൗർലഭ്യവും കാരണമാണ് മരണങ്ങൾ സംഭവിച്ചത്’’ രവി പറഞ്ഞു. ബെംഗളൂരു, ബെല്ലാരി എന്നിവിടങ്ങളിൽനിന്നാണ് ചാമരാജനഗറിലേക്ക് ദ്രവീകൃത ഓക്സിജൻ എത്തിക്കുന്നത്. എന്നാൽ, സിലിൻഡറുകൾ വീണ്ടും നിറയ്ക്കാൻ മൈസൂരുവിലെ സ്വകാര്യ ഏജൻസികളെയാണ് അധികൃതർ ആശ്രയിക്കുന്നത്. ചാമരാജനഗർ ജില്ലാ ആശുപത്രിയിൽ വെള്ളിയാഴ്ച പുതിയ ദ്രവീകൃത ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചിരുന്നു. രണ്ടുദിവസത്തേക്കുള്ള ഓക്സിജൻ മാത്രമേ ഇതിൽ സംഭരിക്കാൻ സാധിക്കൂ. ഞായറാഴ്ച വൈകീട്ടോടെ ഇതിലെ ഓക്സിജൻ തീർന്നിരുന്നു.

ചാമരാജനഗർ ഡി.സി.യുടെ പരാമർശത്തിനു പിന്നാലെ വിശദീകരണവുമായി രംഗത്തുവന്ന മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ രോഹിണി ഓക്സിജൻ വിതരണം വൈകിയിരുന്നില്ലെന്ന് വ്യക്തമാക്കി. ‘‘ഞായറാഴ്ച രാത്രി 12.30 വരെ മൈസൂരുവിൽനിന്ന് 250 ഓക്സിജൻ സിലിൻഡറുകൾ ചാമരാജനഗറിലേക്ക് അയച്ചു. ചാമരാജനഗറിൽനിന്നുള്ള അഭ്യർഥനയെത്തുടർന്നാണ് മാനുഷികപരിഗണനയുടെ അടിസ്ഥാനത്തിൽ ഓക്സിജൻ സിലിൻഡറുകൾ അയച്ചത്. മൈസൂരു സതേൺ ഗ്യാസിൽനിന്ന് 210 സിലിൻഡറുകളും മൈസൂരു ജില്ലാ ആശുപത്രിയിൽനിന്ന് 40 സിലിൻഡറുകളും അയച്ചതായി ഞങ്ങളുടെ പക്കൽ രേഖയുണ്ട്’’ വാർത്താക്കുറിപ്പിൽ രോഹിണി വ്യക്തമാക്കി.

മരണവിവരമറിഞ്ഞ് രോഗികളുടെ ബന്ധുക്കൾ ആശുപത്രിയിൽ തടിച്ചുകൂടിയിരുന്നു. ഇതേത്തുടർന്ന് ആക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലിന്റെ ഭാഗമായി പോലീസിനെ വിന്യസിക്കുകയും ചെയ്തു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് കൂട്ടമരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.

മൃതദേഹങ്ങൾ ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസുകളുടെ കടുത്ത അഭാവമുണ്ടായിരുന്നെന്നും അവർ പറഞ്ഞു. വിവരമറിഞ്ഞ് ജില്ലാ ചുമതലയുള്ള മന്ത്രി എസ്. സുരേഷ്‌കുമാർ, പുട്ടരംഗഷെട്ടി എം.എൽ.എ., ഡെപ്യൂട്ടി കമ്മിഷണർ രവി എന്നിവർ ആശുപത്രി സന്ദർശിച്ചു.