മൈസൂരു : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കുടക് ജില്ലാ ഭരണകൂടം കർഫ്യൂ ചട്ടങ്ങൾ കടുപ്പിച്ചു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും പ്രവർത്തനാനുമതിയുള്ള മറ്റു സ്ഥാപനങ്ങളും ഇനിമുതൽ ചൊവ്വ, വെള്ളി എന്നീ ദിവസങ്ങളിൽ മാത്രമേ തുറക്കാവൂ. ഡെപ്യൂട്ടി കമ്മിഷണർ ചാരുലതാ സോമളാണ് തിങ്കളാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്.

‘‘അവശ്യ കടകൾ, കാർഷിക കടകൾ, മദ്യക്കടകൾ, ഹോട്ടലുകളിലെ പാഴ്‌സൽ സൗകര്യം എന്നിവയ്ക് രാവിലെ ആറുമുതൽ ഉച്ചയ്ക്ക് 12 വരെ ചൊവ്വ, വെള്ളി ദിവസങ്ങളിൽ മാത്രമേ പ്രവർത്തിക്കാവൂ. അടുത്ത രണ്ടാഴ്ച ഇത് പ്രാബല്യത്തിലുണ്ടാകും’’ ഡെപ്യൂട്ടി കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു. അതേസമയം, ഒറ്റയ്ക്കുള്ള പാൽ ബൂത്തുകൾക്ക് എല്ലാദിവസവും രാവിലെ ആറുമുതൽ 10 വരെ പ്രവർത്തിക്കാം. മരുന്നുകടകൾക്കും പെട്രോൾ പമ്പുകൾക്കും മുഴുവൻ സമയവും പ്രവർത്തിക്കാൻ അനുമതിയുണ്ട്. പത്രവിതരണത്തിനും തടസ്സമില്ല.

കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി 15 വരെ ജില്ലയിലെ ഹോട്ടലുകളും റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ തീരുമാനിച്ചു. കുടക് ഹോട്ടൽ, റിസോർട്ട് ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനും ഹോംസ്റ്റേ അസോസിയേഷനും തിങ്കളാഴ്ച നടത്തിയ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.