ബെംഗളൂരു : ഓക്സിജൻ തീരുകയാണെന്ന അപായ സന്ദേശവുമായി (എസ്.ഒ.എസ്.) ബെംഗളൂരുവിലെ ആശുപത്രികൾ. തിങ്കളാഴ്ച ആർ.ടി. നഗറിലെ മെഡാക്സ് ആശുപത്രിയിൽനിന്നും മൈസൂരു റോഡിലെ രാജരാജേശ്വരി മെഡിക്കൽ കോളേജിൽനിന്നുമാണ് ഏതാനും മണിക്കൂറുകളിലേക്ക് മാത്രമുള്ള ഓക്സിജനാണ് അവശേഷിക്കുന്നതെന്ന അപായസന്ദേശമെത്തിയത്. വിവരം അറിഞ്ഞ ഉടനെ ഉപമുഖ്യമന്ത്രി ഡോ. സി.എൻ. അശ്വത്‌നാരായൺ ഇടപെട്ട് രണ്ടു ആശുപത്രികളിലേക്കും ആവശ്യമായ ഓക്സിജൻ എത്തിച്ചുനൽകി. കൃത്യസമയത്ത് ഓക്സിജൻ എത്തിച്ചതിനാൽ വലിയ അപകടം ഒഴിവായി.

കഴിഞ്ഞ രണ്ടുദിവസത്തിലധികമായി ഓക്സിജൻ സ്റ്റോക്ക് ലഭിച്ചിട്ടില്ലെന്നും തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ ഓക്സിജൻ തീരുമെന്നുമാണ് മെഡാക്‌സ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ശ്രീഹരി ഷാപുർ കത്തിലൂടെ അറിയിച്ചത്. ഇതിന് പിന്നാലെ 100-ലധികം രോഗികളുള്ള രാജരാജേശ്വരി മെഡിക്കൽ കോളേജിലെയും ഓക്സിജൻ മണിക്കൂറുകൾക്കുള്ളിൽ തീരുമെന്ന് അറിയിച്ചുകൊണ്ട് കോളേജിലെ മെഡിക്കൽ ഓഫീസർ വീഡിയോസന്ദേശവും പുറത്തുവിട്ടു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ഉൾപ്പെടെയുള്ള നേതാക്കൾ മെഡാക്സ് ആശുപത്രി പുറത്തുവിട്ട കത്ത് ഉൾപ്പെടെ ട്വീറ്റ് ചെയ്യുകയും ചെയ്തു. അപായസന്ദേശം നൽകിയതിന് പിന്നാലെ ഒട്ടേറെ സ്ഥലങ്ങളിൽനിന്ന് ഓക്സിജൻ എത്തിക്കാമെന്ന ഉറപ്പു ലഭിച്ചുവെന്ന് ആശുപത്രികളിലെ മെഡിക്കൽ ഓഫീസർമാർ അറിയിച്ചു. ആശുപത്രികളിലേക്ക് ആവശ്യമായ ഓക്സിജൻ എത്തിക്കുന്നതിന് വിതരണക്കാർക്ക് കഴിയാത്തതിനെ തുടർന്നാണ് ക്ഷാമം നേരിട്ടത്.