ബെംഗളൂരു : ചാമരാജനഗറിൽ 24 കോവിഡ് രോഗികൾ ഓക്‌സിജൻ ലഭിക്കാതെ മരിച്ച സംഭവത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാക്കൾ. കോവിഡ് രോഗികൾ മരിച്ചതാണോ അതോ കൊന്നതാണോ എന്നും സർക്കാർ ഉണരുന്നതിനുമുമ്പ് ഇനിയും എത്രപേർ സഹിക്കേണ്ടിവരുമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ആരോഗ്യമന്ത്രി ഡോ. കെ. സുധാകറിനെ അറസ്റ്റുചെയ്യണമെന്ന് കർണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽസെക്രട്ടറി രൺദീപ് സിങ് സുർജേവാല ആവശ്യപ്പെട്ടു. യെദ്യൂരപ്പ സർക്കാരിന്റെ അനാസ്ഥമൂലമുണ്ടായ കൊലപാതകമാണിതെന്നും ആരോഗ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. മരണങ്ങളുടെ ധാർമിക ഉത്തരവാദിത്വം മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

കോവിഡ് രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചതിൽ സംസ്ഥാനസർക്കാരിനെയും മുഖ്യമന്ത്രിയെയും കുറ്റപ്പെടുത്തി കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാറും രംഗത്തെത്തി. സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണ് രോഗികളുടെ മരണത്തിന് കാരണമെന്ന് ശിവകുമാർ ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് ആവശ്യമായ ഓക്സിജനുണ്ടെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകിയ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെയും ആരോഗ്യമന്ത്രി ഡോ. കെ. സുധാകറിനെയും ശിവകുമാർ വിമർശിച്ചു. കുറ്റകരമായ അനാസ്ഥയാണ് ചാമരാജനഗറിൽ 24 കോവിഡ് രോഗികൾ മരിക്കുന്നതിന് ഇടയാക്കിയത്. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും ആരോഗ്യമന്ത്രി ഡോ. കെ. സുധാകറും എന്തിനാണ് സംസ്ഥാനത്ത് ആവശ്യമായ ഓക്സിജനുണ്ടെന്ന് എല്ലാ ദിവസവും കള്ളംപറയുന്നതെന്നും സർക്കാരിന് ഓക്സിജൻ വിതരണംചെയ്യാൻ സാധിക്കാത്തതിനാൽ ഇനിയും എത്ര ആളുകൾ മരിക്കുമെന്നും ശിവകുമാർ ട്വിറ്ററിൽ ചോദിച്ചു.