ബെംഗളൂരു : കർഫ്യൂ ഒരാഴ്ച പിന്നിടുന്നതിനിടെ പച്ചക്കറിക്കും പഴങ്ങൾക്കും നഗരത്തിൽ തീവില. കർഫ്യൂവിന്റെ മറവിൽ നേരത്തേയുണ്ടായിരുന്നതിന്റെ ഇരിട്ടിയോളം വിലയാണ് കച്ചവടക്കാർ ഈടാക്കുന്നത്. തക്കാളി, ഉള്ളി, വെണ്ട, പയർ തുടങ്ങി ഏറ്റവും കൂടുതൽ ചെലവുള്ള പച്ചക്കറികൾക്കെല്ലാം വില കൂടി. പഴങ്ങൾക്കും സമാനമാണ് സ്ഥിതി. 150 രൂപയുണ്ടായിരുന്ന മാതളത്തിന് നിലവിൽ 250 രൂപയാണ്‌വില. ഓറഞ്ചിന് 150 രൂപ നൽകണം. മൊത്തവിപണയിലും വൻതോതിൽ പഴങ്ങളുടെ വില കൂടിയിട്ടുണ്ട്.

പച്ചക്കറികൾ എത്തിക്കുന്നതിലെ ബുദ്ധിമുട്ടുകളാണ് വിലവർധനയുടെ കാരണമായി കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നത്. വിവിധ മാർക്കറ്റുകൾ പ്രവർത്തിക്കാത്തതും പ്രതിസന്ധിയായി. പച്ചക്കറികളും പഴങ്ങളും വാങ്ങാനെത്തുന്നവരുടെ എണ്ണം കുറഞ്ഞതും വില വർധനയ്ക്ക്‌ കാരണമായെന്നും വ്യാപാരികൾ പറയുന്നു. ഉന്തുവണ്ടികളിൽ കച്ചവടം ചെയ്യുന്നവരിൽനിന്ന് പച്ചക്കറികളും പഴങ്ങളും വാങ്ങാൻ മടിക്കുന്നവരുമുണ്ട്. ഇതോടെ കുറഞ്ഞ സ്റ്റോക്കെടുത്ത് വിലകൂട്ടി വിൽക്കുകയാണ് ഉന്തുവണ്ടി കച്ചവടക്കാർ ചെയ്യുന്നത്.

അതേസമയം പച്ചക്കറികളും പഴങ്ങളുമായി വരുന്ന വാഹനങ്ങൾക്ക് കർഫ്യൂവിലും സർവീസ് നടത്താൻ അനുമതിയുണ്ടെന്ന് റെസിഡൻഷ്യൽ അസോസിയേഷനുകൾ ചൂണ്ടിക്കാട്ടുന്നു. കർഫ്യൂവിന്റെ മറവിൽ ഒരുവിഭാഗം കച്ചവടക്കാൻ ബോധപൂർവം ക്ഷാമമുണ്ടാക്കുകയാണെന്നാണ് ആരോപണം. നിയന്ത്രണങ്ങളുടെ പേരിൽ കുറഞ്ഞവിലയാണ് ഇവർ പച്ചക്കറി കർഷകർക്ക് നൽകുന്നത്. പിന്നീട് ഇവ നഗരത്തിലെത്തിച്ച് വൻവിലയ്ക്ക് വിൽക്കും. ലാഭംമാത്രം ലക്ഷ്യമിട്ടാണ് നഗരത്തിലെ വൻകിട മൊത്ത കച്ചവടക്കാരുടെ പ്രവർത്തനമെന്നാണ് അസോസിയേഷനുകൾ ആരോപിക്കുന്നത്.

കഴിഞ്ഞവർഷം ലോക്ഡൗൺ കാലത്തും സമാനമായ സാഹചര്യമുണ്ടായിരുന്നു. അവശ്യവസ്തുക്കൾ പൂഴ്ത്തിവെച്ച് വലിയ വിലയിലാണ് വിറ്റഴിച്ചിരുന്നത്. കൂടുതൽ നിയന്ത്രണങ്ങൾ വരുന്നതോടെ മറ്റ് വസ്തുക്കൾക്കും കുത്തനെ വിലകയറുമെന്ന ആശങ്കയിലാണ് നഗരവാസികൾ.