പാട്യം : എറണാകുളത്ത് നടന്ന 22-ാമത് മിസ് കേരള സൗന്ദര്യ മത്സരത്തിൽ പാട്യം സ്വദേശിനി കിരീടം നേടി. പത്തായക്കുന്ന് കൊങ്കച്ചിയിലെ ഇന്ദ്രമ്പറ്റ സുരേഷിന്റെയും സിന്ധുവിന്റെയും മകൾ ഗോപികാ സുരേഷാണ് ഈ നേട്ടം കൈവരിച്ചത്.

ബെംഗളൂരുവിൽ ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തരബിരുദ വിദ്യാർഥിനിയാണ് ഇരുപത്തിമൂന്നുകാരിയായ ഗോപിക സുരേഷ്. വ്യാഴാഴ്ച രാത്രി വൈകിയാണ് മത്സരഫലം പുറത്തുവന്നത്.

എറണാകുളം സ്വദേശിനി ലിവ്യ ലിഫി ഫസ്റ്റ് റണ്ണറപ്പും തൃശ്ശൂർ സ്വദേശിനി ഗഗന ഗോപാൽ സെക്കൻഡ്‌ റണ്ണറപ്പുമായി. സംവിധായകൻ ജിത്തു ജോസഫ്, സംഗീത സംവിധായകൻ ദീപക് ദേവ്, ഗായകൻ അനൂപ് ശങ്കർ, അനീഷ ചെറിയാൻ, ശോഭ വിശ്വനാഥൻ, നടിമാരായ ഇനിയ, വീണ നായർ, ദീപ തോമസ് തുടങ്ങിയവരായിരുന്നു വിധികർത്താക്കൾ. ഇരുപത്തിയഞ്ച് മത്സരാർഥികളാണ് പങ്കെടുത്തത്.

പുതിയ കാലത്തിന്റെ ശാപമായി മാറുന്ന ലഹരി ഇത്രയധികം വ്യാപകമാകുന്നതിൽ ആർക്കാണ് ഉത്തരവാദിത്വം എന്നതായിരുരുന്നു മത്സരാർഥികൾക്കുള്ള അവസാന ചോദ്യം. ഇതിന് ഏറ്റവും മികച്ച ഉത്തരം നൽകിയത് ഗോപികയെ വിജയിയാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

അറിയപ്പെടുന്ന ഭരതനാട്യം കലാകാരിയാണ് ഗോപികാ സുരേഷ്. അച്ഛൻ സുരേഷ് ബെംഗളൂരു ഐ.ബി.എമ്മിൽ എൻജിനീയറാണ്. അമ്മ സിന്ധു ബെംഗളൂരുവിൽ നഴ്‌സറി സ്കൂൾ നടത്തിവരികയാണ്. സഹോദരൻ ഹരിഹരൻ സുരേഷ്.