ബെംഗളൂരു : രണ്ടുപേർക്ക് കോവിഡ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതോടെ രോഗപ്രതിരോധത്തിനുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടകം. മാളുകളിലും സിനിമാ തിയേറ്ററുകളിലുമെത്തുന്നവർക്ക് രണ്ടുഡോസ് വാക്സിൻ നിർബന്ധമാക്കി.

സ്കൂളിലും കോളേജിലും പഠിക്കുന്ന 19 വയസ്സിനുതാഴെയുള്ള കുട്ടികളുടെ രക്ഷിതാക്കൾ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി തുഷാർ ഗിരിനാഥ് അറിയിച്ചു

യോഗങ്ങളിൽ 500 പേരിൽ കൂടാൻപാടില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സാംസ്കാരിക പരിപാടികളും ആഘോഷങ്ങളും ജനുവരി 15 വരെ തടഞ്ഞു.

ആരോഗ്യപ്രവർത്തകർ നിർബന്ധമായും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. 65 വയസ്സിനു മുകളിലുള്ളവരും ഗുരുതരരോഗങ്ങളുള്ളവരും കോവിഡ് പരിശോധനയ്ക്ക് വിധേയരാകാനും നിർദേശിച്ചു. സർക്കാർജീവനക്കാർ രണ്ടുഡോസ് വാക്സിൻ പൂർത്തിയാക്കണം.

മുഖാവരണം ധരിക്കാത്തവർക്കും കോവിഡ് മാനദണ്ഡം പാലിക്കാത്തവർക്കും നഗരസഭാപരിധിയിൽ 250 രൂപയും മറ്റിടങ്ങളിൽ 100 രൂപയും പിഴയിടും. രോഗവ്യാപനമുണ്ടാകുന്നിടങ്ങളിൽ മൈക്രോ കൺടെയ്ൻമെന്റ് സോണുകൾ എർപ്പെടുത്തും. കേരളം, മഹാരാഷ്ട്ര അതിർത്തി ചെക്പോസ്റ്റുകളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.

രക്ഷിതാക്കൾ വാക്സിനെടുത്തതിന്റെ സർട്ടിഫിക്കറ്റ് സ്കൂൾ അധികൃതർക്ക് നൽകണമെന്ന് കോവിഡ് സാങ്കേതികോപദേശസമിതി ചെയർമാൻ ഡോ. എം.കെ. സുദർശൻ പറഞ്ഞു. സംസ്ഥാനത്ത് പ്രതിദിന കോവിഡ് പരിശോധന ഒരുലക്ഷമായി ഉയർത്തിയെന്ന് റവന്യൂമന്ത്രി ആർ. അശോക് അറിയിച്ചു.