ബെംഗളൂരു : ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽകോളേജ് ഡയറക്ടർമാരുടെയും ഡീനുമാരുടെയും വകുപ്പധ്യക്ഷന്മാരുടെയും യോഗം വിളിച്ചുചേർത്തു.

കോവിഡിന്റെ മൂന്നാംതരംഗമുണ്ടായാൽ നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് യോഗത്തിനുശേഷം മന്ത്രി പറഞ്ഞു.ബി.എസ്.സി. നഴ്‌സിങ് അവസാനവർഷക്കാരായ 18,000 വിദ്യാർഥികൾക്ക് ഒരുമാസത്തെ പരിശീലനംനൽകി കോവിഡ് ചികിത്സയ്ക്ക് സജ്ജമാക്കുമെന്ന് മന്ത്രി അറിയിച്ചു.

കോവിഡ് കാലത്ത് നഴ്‌സുമാരുടെ സേവനം നിർണായകമാണ്. തീവ്രപരിചരണ വിഭാഗത്തിലുൾപ്പെടെ ഇവരെ നിയോഗിക്കും. രണ്ടാം തരംഗത്തിൽ ഇവരുടെ കുറവ് അനുഭവപ്പെട്ടത് കണക്കിലെടുത്താണ് നടപടി. കുട്ടികളുടെ ഐ.സി.യു.കൾ സജ്ജമാക്കാൻ നിർദേശം നൽകി. ഒമിക്രോൺ ബാധിതർക്കായി പ്രത്യേക വാർഡും ഐ.സി.യു.വും സജ്ജീകരിക്കും.

ഡെൽറ്റ വകഭേദം ബാധിച്ചവർക്ക് പ്രത്യേക വാർഡ് ഒരുക്കും -മന്ത്രി അറിയിച്ചു.

ജില്ലാതല ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ യോഗം വിലയിരുത്തി. ഹൗസർന്മാരുടെയും മെഡിക്കൽ പി.ജി. വിദ്യാർഥികളുടെയും സേവനം ഉപയോഗപ്പെടുത്തുന്ന കാര്യവും ചർച്ച ചെയ്തു.