ബെംഗളൂരു : പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ ഹംപിയിലേക്കും തുംഗഭദ്ര അണക്കെട്ട് പ്രദേശത്തേക്കും കർണാടക ആർ.ടി.സി. ബെംഗളൂരുവിൽനിന്ന്‌ വിനോദസഞ്ചാര പാക്കേജ് ആരംഭിക്കുന്നു. എ.സി. സ്ലീപ്പർ ക്ലാസ് ബസിന്റെ വിനോദയാത്ര സർവീസ് ദിവസവുമുണ്ടാകും. ഓഗസ്റ്റ് ആറിന് ആരംഭിക്കും. വിശ്രമത്തിനുള്ള സൗകര്യം, പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം, സഹായികളുടെ സേവനം എന്നിവയുൾപ്പെട്ട പാക്കേജാണ് ഒരുക്കിയിരിക്കുന്നത്.

മുതിർന്നവർക്ക് 2500 രൂപയും ആറുമുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 2300 രൂപയുമാണ് ടിക്കറ്റ് നിരക്ക്. രാത്രി 10 മണിക്ക് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ ഹംപിയിലെത്തും. അവിടെയുള്ള കാഴ്ചകൾ കണ്ടശേഷം വൈകീട്ടോടെ തുംഗഭദ്ര അണക്കെട്ട് പ്രദേശത്തെത്തുന്ന യാത്രക്കാർക്ക് രാത്രി പത്ത് മണിയോടെ മടങ്ങി പുലർച്ചെ നാലരയ്ക്ക് ബെംഗളൂരുവിൽ തിരിച്ചെത്തും.