ബെംഗളൂരു : കർണാടകത്തിൽ മന്ത്രിമാരായി 24 പേരെ പരിഗണിച്ചുള്ള പട്ടികയ്ക്ക് ബി.ജെ.പി. കേന്ദ്രനേതൃത്വം അംഗീകാരം നൽകിയതായി സൂചന. 33 അംഗ മന്ത്രിസഭയിൽ ആദ്യഘട്ടത്തിൽ മുഴുവൻപേരെയും ഉൾപ്പെടുത്തില്ല. ഇതിൽ ഏഴുപേർ പുതുമുഖങ്ങളാണ്. യെദ്യൂരപ്പ മന്ത്രിസഭയിൽ അംഗമായിരുന്ന ചില മുതിർന്ന അംഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

മുൻമന്ത്രിമാരായ ജഗദീഷ് ഷെട്ടാർ, കെ.എസ്. ഈശ്വരപ്പ എന്നിവരെ ഒഴിവാക്കിയതായാണ് വിവരം. കോൺഗ്രസ്- ജെ.ഡി.എസ്. സഖ്യസർക്കാരിൽനിന്ന് രാജിവെച്ചെത്തിയ ഭൂരിപക്ഷം പേരെയും പരിഗണിച്ചിട്ടുണ്ട്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉടൻ നടക്കും. ഉപമുഖ്യമന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഡൽഹിയിലെത്തി ദേശീയ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രിമാരുടെ പട്ടികയ്ക്ക് അന്തിമരൂപമായത്. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കർണാടകത്തിന്റെ സംഘടനാചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി അരുൺസിങ് ഉൾപ്പെടെയുള്ള നേതാക്കളാണ് ചർച്ചയിൽ പങ്കെടുത്തത്. മന്ത്രിമാരുടെ സാധ്യതാപട്ടികയുമായാണ് മുഖ്യമന്ത്രി ദേശീയനേതാക്കളെ കാണാൻ ഡൽഹിയിലെത്തിയത്. മന്ത്രിമാരെ പ്രഖ്യാപിക്കുമ്പോൾ സ്ഥാനം ലഭിക്കാത്തവർ കലാപമുയർത്താനുള്ള സാധ്യതയുണ്ട്. ഇവരെ അനുനയിപ്പിക്കുന്നതിനായി മന്ത്രിസഭയിൽ ഏതാനും സ്ഥാനങ്ങൾ ഒഴിച്ചിടാനാണ് തീരുമാനം. ദേശീയനേതാക്കളുമായുള്ള ചർച്ച ചൊവ്വാഴ്ച രാത്രിവൈകിയും തുടർന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി അധികാരമേറ്റത്.