ബെംഗളൂരു : യെലഹങ്കയിൽ സ്കൂട്ടറിൽനിന്നുവീണ വിദ്യാർഥിനി സ്കൂൾ ബസ് കയറി മരിച്ചു. മത്തിക്കെരെയിൽ ബയോ ടെക്നോളജി എൻജിനിയറിങ് വിദ്യാർഥിനി എം. സായി പല്ലവി (21)യാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെ ബി.ഡി.കെ. കല്യാണ മണ്ഡപത്തിന് സമീപത്തായിരുന്നു അപകടം.

യെലഹങ്ക ന്യൂ ടൗണിലെ ട്യൂഷൻ കേന്ദ്രത്തിലുള്ള ഇളയ സഹോദരിയെ കൂട്ടിക്കൊണ്ടുവരാൻ പോവുകയായിരുന്നു യുവതി. കല്യാണ മണ്ഡപത്തിന് സമീപത്തെത്തിയപ്പോൾ സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡിൽ വീണു. ഈ സമയം സ്കൂൾ ബസ് യുവതിയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു.

യുവതിയെ യെലഹങ്ക സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ ബസ് ഡ്രൈവർ ദേവരാജിനെ യെലഹങ്ക ട്രാഫിക് പോലീസ് അറസ്റ്റുചെയ്തു.