ബെംഗളൂരു : റോഡിലെ കുഴിയിൽവീണ ഫുഡ് ഡെലിവറി ജീവനക്കാരൻ ലോറികയറി മരിച്ചു. സംഭവത്തിൽ ബി.ബി.എം.പി. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ (എ.ഇ.ഇ.) സവിതയെ പോലീസ് അറസ്റ്റുചെയ്തു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

ബുധനാഴ്ച വൈകീട്ട് തനിസാന്ദ്രയിലുണ്ടായ അപകടത്തിൽ അസീം അഹമ്മദാണ് (21) മരിച്ചത്. ഭക്ഷണമെത്തിക്കാൻ പോകുന്നതിനിടെ ഇരുചക്രവാഹനം കുഴിയിൽവീണ് അസീം അഹമ്മദ് റോഡിൽ തെറിച്ചുവീണു. വേഗത്തിലെത്തിയ ലോറി യുവാവിന്റെ വലതുകൈയിലും കാലിലും കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

എ.ഇ.ഇ. സവിതയെ മുഖ്യപ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. റോഡിലെ കുഴി നികത്തുന്നതിൽ ഉദ്യോഗസ്ഥയ്ക്കുണ്ടായ വീഴ്ചയാണ് യുവാവ് അപകടത്തിൽ മരിക്കാൻ കാരണമെന്ന് ട്രാഫിക് പോലീസ് ജോയന്റ് കമ്മിഷണർ രവികാന്തെ ഗൗഡ അറിയിച്ചു. കേസിൽ ലോറി ഡ്രൈവറെ രണ്ടാംപ്രതിയും റോഡ് നിർമാണത്തിന് കരാറെടുത്തയാളെ മൂന്നാം പ്രതിയുമാക്കി. കരാറുകാരനെ ഉടൻ അറസ്റ്റുചെയ്യുമെന്ന് പോലീസ് പറഞ്ഞു.