ബെംഗളൂരു : സ്വർണവ്യാപാരിയിൽനിന്ന് 5.6 കിലോ സ്വർണം തട്ടിയെടുത്ത സംഭവത്തിൽ സുരക്ഷാ ജീവനക്കാരനുൾപ്പെടെ ഏഴംഗസംഘം പിടിയിൽ. സർവജ്ഞനഗർ നഗർ സ്വദേശികളായ മുഹമ്മദ് ഫർഹാൻ (23), മുഹമ്മദ് ഹുസൈൻ (35), മുഹമ്മദ് ആരിഫ് (33), അൻജും (32), സുഹൈൽ ബേഗ് (26), ഷാഹിദ് അഹമ്മദ് (31) സുരക്ഷാ ജീവനക്കാരനായ ഉമേഷ് (32) എന്നിവരെയാണ് കബൺപാർക്ക് പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്ത്‌പേട്ടിൽ സ്വർണവ്യാപാരം നടത്തുന്ന സിദ്ദേശ്വർ ഷിൻഡെയാണ് കവർച്ചയ്ക്കിരയായത്.

നവംബർ 19-നാണ് കേസിനാസ്പദമായ സംഭവം. ക്യൂൻസ് റോഡിലെ അത്തിക ജ്വല്ലറിയിൽ നിന്നും സ്വർണവുമായി വ്യാപാരി നഗരത്ത്‌പേട്ടിലേക്ക് പോകുന്നതിനിടെയാണ് സംഘം കവർച്ച നടത്തിയത്. കാറിലും ഇരുചക്രവാഹനങ്ങളിലുമായി വ്യാപാരിയെ പിന്തുടർന്ന സംഘം ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് വ്യാപാരിയേയും ഒപ്പുമുണ്ടായിരുന്നയാളെയും അക്രമിച്ച് സ്വർണമടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു. തുടർന്ന് വ്യാപാരി കബൺ പാർക്ക് പോലീസിൽ പരാതി നൽകി.

സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, കവർച്ച സംഘം വ്യാപാരിയെ പിന്തുടരുന്ന ദൃശ്യങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സംഘം പിടിയിലായത്.

അത്തിക ജ്വല്ലറിയിലെ സുരക്ഷാ ജീവനക്കാരനായ ഉമേഷാണ് വ്യാപാരിയെക്കുറിച്ചുള്ള വിവരങ്ങൾ കവർച്ച സംഘത്തിന് കൈമാറിയത്. 2.5 കോടി വിലമതിക്കുന്ന സ്വർണമാണ് സംഘം കവർന്നത്. അഞ്ചുകിലോ സ്വർണം സംഘത്തിൽ നിന്ന് പോലീസ് കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.