: കള്ളപ്പണം വെളുപ്പിക്കൽക്കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ തുടർവാദം ബെംഗളൂരു പ്രത്യേക കോടതി ഡിസംബർ അഞ്ചിലേക്കു മാറ്റി.
ബിനീഷിന്റെ വാദം പൂർത്തിയായെങ്കിലും എതിർവാദം സമർപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) കൂടുതൽസമയം ആവശ്യപ്പെടുകയായിരുന്നു. ബിനീഷിനെതിരേ ഇ.ഡി. ഉന്നയിച്ച വാദങ്ങൾ ഖണ്ഡിച്ചുകൊണ്ടാണ് അഭിഭാഷകൻ രഞ്ജിത് ശങ്കർ കോടതിയിൽ വാദിച്ചത്. ബിനീഷിന്റെ വ്യക്തിസ്വാതന്ത്ര്യം മാനിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. കേസിൽ എല്ലാസാക്ഷികളുടെയും മൊഴിയെടുത്തതാണ്. സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിയായതിനാൽ, രാജ്യം വിട്ടുപോകുമെന്ന വാദം അംഗീകരിക്കാനാകില്ല. ബിനീഷിന് കേരളത്തിൽ വീടും സ്വത്തും ഉണ്ടെന്ന് ഇ.ഡി.തന്നെ കണ്ടെത്തിയതായതിനാൽ രാജ്യം വിട്ടുപോകുമെന്ന വാദം നിലനിൽക്കില്ലെന്നും അഭിഭാഷകൻ വാദിച്ചു. സമാനമായ കേസിൽ ജാമ്യം അനുവദിച്ചുള്ള സുപ്രീംകോടതിയുടെ 40-ഓളം ഉത്തരവുകളും രഞ്ജിത് ശങ്കർ കോടതിയിൽ സമർപ്പിച്ചു.
ബിനീഷിന്റെ വാദം പൂർത്തിയായതോടെ എതിർവാദം സമർപ്പിക്കാൻ ഇ.ഡി. കൂടുതൽസമയം ആവശ്യപ്പെട്ടു. ഇ.ഡി.ക്കുവേണ്ടി സോളിസിറ്റർ ജനറൽ ഹാജരാകുമെന്നും ഡിസംബർ പത്തുവരെ അദ്ദേഹത്തിന് ഒഴിവില്ലെന്നും കോടതിയെ അറിയിച്ചു. എന്നാൽ, എതിർവാദത്തിന് കൂടുതൽസമയം അനുവദിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സോളിസിറ്റർ ജനറലുമായി കൂടിയാലോചന നടത്താൻ അഞ്ചുമിനിറ്റ് അനുവദിച്ചു. അഭിഭാഷകന് സമയമില്ലെന്ന കാരണത്താൽ ഒരാളുടെ വ്യക്തിസ്വതന്ത്ര്യം ഹനിക്കാൻ കഴിയല്ലെന്ന് ബിനീഷിന്റെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. തുടർന്ന് തുടർവാദം ഡിസംബർ അഞ്ചിലേക്ക് മാറ്റുകയായിരുന്നു. അന്നേദിവസം സോളിസിറ്റർ ജനറൽ വീഡിയോ കോൺഫറൻസിങ് വഴി ഇ.ഡി.ക്കുവേണ്ടി ഹാജരാകും.