ബെംഗളൂരു : മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ 'ഗഗൻയാൻ' പദ്ധതി ഗുജറാത്തിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരേ നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യയുടെ (എൻ.എസ്.യു.ഐ.) പ്രതിഷേധം. കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലാണ് വിദ്യാർഥികൾ പ്രതിഷേധപ്രകടനം നടത്തിയത്. ഗഗൻയാൻ പദ്ധതിക്കായുള്ള ഹ്യൂമൻ സ്പേസ് ഫ്ളൈറ്റ് സെന്റർ ബെംഗളൂരുവിൽ നിന്ന് ഗുജറാത്തിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് കഴിഞ്ഞദിവസം ഡി.കെ. ശിവകുമാർ ആരോപിച്ചിരുന്നു.ഐ.എസ്.ആർ.ഒ. കർണാടകത്തിന്റെ അഭിമാനമാണെന്നും ഗഗൻയാൻ പദ്ധതി ഗുജറാത്തിലേക്ക് മാറ്റാൻ ശ്രമം നടക്കുന്നതിന്റെ തെളിവുകളുണ്ടെന്നും ശിവകുമാർ പറഞ്ഞു. ഇക്കാര്യത്തിൽ ഐ.എസ്.ആർ.ഒ. വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഗഗൻയാൻ പദ്ധതി ഗുജറാത്തിലേക്ക് മാറ്റരുതെന്നും ഐ.എസ്.ആർ.ഒ.യെ സ്വകാര്യവത്കരിക്കരുതെന്നും ആവശ്യപ്പെട്ടുള്ള പ്ലക്കാർഡുകളും കൈയിലേന്തിയായിരുന്നു പ്രതിഷേധം. ഗഗൻയാൻ പദ്ധതി ഗുജറാത്തിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. അതിനിടെ, പ്രതിഷേധക്കാർ കൊണ്ടുവന്ന പ്ലക്കാർഡിൽ ഐ.എസ്.ആർ.ഒ. എന്നത് ഐ.ആർ.എസ്.ഒ. എന്ന് തെറ്റിച്ച് എഴുതിയത് സാമൂഹിക മാധ്യമങ്ങളിൽ ട്രോളിനിടയാക്കി.