ബെംഗളൂരു : കോൺഗ്രസ് നേതാവ് കൊലപ്പെടുത്താൻ ശ്രമിക്കുന്നതായി ബി.ജെ.പി. എം.എൽ.എ.യും ബെംഗളൂരു വികസന അതോറിറ്റി ചെയർപേഴ്‌സണുമായ എസ്.ആർ. വിശ്വനാഥിന്റെ പരാതി. ആഭ്യന്തരമന്ത്രിക്കും പോലീസിനും പരാതി നൽകിയിട്ടുണ്ടെന്നും ക്വട്ടേഷൻ നൽകി കൊലപ്പെടുത്താൻ പദ്ധതിയിടുന്നതായി ചൊവ്വാഴ്ച വൈകിട്ടാണ് അറിഞ്ഞതെന്നും വിശ്വനാഥ് പറഞ്ഞു.

കോൺഗ്രസ് നേതാവ് എം.എൻ. ഗോപാലകൃഷ്ണയുടെ പേരിൽ പരാതിനൽകിയത്. യെലഹങ്ക നിയോജകമണ്ഡലത്തിൽനിന്ന് രണ്ട് തവണ ഗോപാലകൃഷ്ണയെ വിശ്വനാഥ് പരാജയപ്പെടുത്തിയിരുന്നു.

കൊലപ്പെടുത്താൻ പദ്ധതിയിടുന്നത് സംബന്ധിച്ച വീഡിയോ കോൺഗ്രസ് പ്രവർത്തകനായ ദേവരാജ് എന്നയാൾ അയച്ചുകൊടുത്തപ്പോളാണ് വിശ്വനാഥ് അറിഞ്ഞത്. വാടകക്കൊലയാളികളെ ആന്ധ്രപ്രദേശിൽനിന്ന് കൊണ്ടുവരുന്ന കാര്യമാണ് വീഡിയോയിൽ ചർച്ചചെയ്യുന്നതെന്നും സ്ഥിരമായി പോകുന്ന ഫാംഹൗസിൽ വെച്ച് കൊലപ്പെടുത്താമെന്നാണ് പറയുന്നതെന്നും വിശ്വനാഥ് പറഞ്ഞു.

തിരഞ്ഞെടുപ്പുകളിൽ ഒരിക്കലും പരാജയപ്പെടുത്താൻ കഴിയില്ലെന്ന് ഗോപാലകൃഷ്ണ പറയുന്നുണ്ട്. എന്തിനാണ് ഗോപാലകൃഷ്ണ ഇങ്ങനെ ചെയ്യുന്നതെന്നും തിരഞ്ഞെടുപ്പിൽ ജയിക്കുന്ന വരെ കൊലപ്പെടുത്തുകയാണോ വേണ്ടതെന്നും എം.എൽ.എ. ചോദിച്ചു.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. വിശ്വനാഥിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണം ഗോപാലകൃഷ്ണ നിഷേധിച്ചു. ഇതെല്ലാം വിശ്വനാഥിന്റെ കളികപപപളാണെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എ.യുടെ പരാതിയിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേനന്ദ്ര പറഞ്ഞു.