ബെംഗളൂരു : കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ വാരാന്ത്യകർഫ്യൂ വീണ്ടും ഏർപ്പെടുത്തുന്ന കാര്യത്തിൽ രണ്ടാഴ്ചയ്ക്കുശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. രണ്ടാഴ്ചകൂടി നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരും. രോഗികളുടെ എണ്ണം വർധിക്കുന്ന പ്രവണത തുടരുകയാണെങ്കിൽ കൂടുതൽ നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽനിന്നും മഹാരാഷ്ട്രയിൽനിന്നുമുള്ള യാത്രക്കാർക്ക് സുരക്ഷയുടെ ഭാഗമായി കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നതിനൊപ്പം സംസ്ഥാനത്ത് നൽകിയിരിക്കുന്ന ഇളവുകൾ പുനഃപരിശോധിക്കണമെന്ന് ആരോഗ്യവിദഗ്ധർ കഴിഞ്ഞദിവസം സർക്കാരിനോട് നിർദേശിച്ചിരുന്നു.

രോഗികളുടെ എണ്ണം വർധിക്കുന്ന എട്ടുജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണർമാരുമായും മുഖ്യമന്ത്രി ഓൺലൈൻ കൂടിക്കാഴ്ച നടത്തി. ബെംഗളൂരു അർബൻ, ചിക്കമഗളൂരു, ദക്ഷിണകന്നഡ, കുടക്, മൈസൂരു, ശിവമോഗ, ഉഡുപ്പി, ചാമരാജ്‌നഗർ എന്നിവിടങ്ങളിലെ ജില്ലാ കമ്മിഷണർമാരാണ് യോഗത്തിൽ പങ്കെടുത്തത്. മൂന്നാം കോവിഡ് വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ ഈ ഘട്ടത്തിൽ നിയന്ത്രണങ്ങളിൽ ഒരുതരത്തിലുള്ള അലംഭാവവും പാടില്ലെന്ന് മുഖ്യമന്ത്രി യോഗത്തിൽ നിർദേശം നൽകി. ആവശ്യമെങ്കിൽ പ്രാദേശികാടിസ്ഥാനത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കാം. കേരളത്തിൽനിന്ന് പഠനത്തിനും ജോലിക്കുമായി അതിർത്തി ജില്ലകളിലെത്തുന്നവർക്ക് പ്രതിവാര പാസ് അനുവദിക്കാനും നിശ്ചിത ഇടവേളകളിൽ കോവിഡ് പരിശോധന നടത്താനുള്ള സംവിധാനമേർപ്പെടുത്തുകയും വേണം.

അതേസമയം ബെംഗളൂരു കോർപ്പറേഷൻ പരിധിയിൽ അധികൃതർ നിയന്ത്രണങ്ങൾ കർശനമാക്കി വരികയാണ്. മുഖാവരണം ധരിക്കാത്തവർക്കെതിരേയും സാമൂഹിക അകലം പാലിക്കാത്തവർക്കെതിരേയും കർശന നടപടികൾ സ്വീകരിക്കാൻ കോർപ്പറേഷൻ കഴിഞ്ഞദിവസം മാർഷൽമാർക്കും അതത് മേഖലകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിരുന്നു. അഞ്ചിൽ കൂടുതൽ രോഗികളുള്ള പ്രദേശങ്ങളിൽ കടകൾ അടച്ചിടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനമുണ്ട്.

വിനോദസഞ്ചാരകേന്ദ്രങ്ങളിൽ നിയന്ത്രണം

: കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന എട്ടുജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിർദേശംനൽകി. വിനോദസഞ്ചാരികൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും മുഖാവരണം ധരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താൻ പ്രത്യേക സംവിധാനമൊരുക്കണം. ഹോം സ്റ്റേകളിലും റിസോർട്ടുകളിലും മുറിയെടുക്കുന്നവർ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കൈവശം കരുതണം. ഇതിനൊപ്പം റെയിവേ സ്റ്റേഷനുകളിലും ബസ്‌സ്റ്റാൻഡുകളിലും കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്നും നിർദേശമുണ്ട്.