ബെംഗളൂരു : മന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വീണ്ടും ഡൽഹിയിൽ പോയി. കേന്ദ്രനേതാക്കളിൽനിന്ന് ക്ഷണം ലഭിച്ചെന്നും തിങ്കളാഴ്ച പ്രസിഡന്റ് ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തുമെന്നും ഡൽഹിക്കു പോകുന്നതിനു മുമ്പായി ബൊമ്മെ പറഞ്ഞു. മന്ത്രിസഭാ രൂപവത്കരണമുൾപ്പെടെ വിവിധ വിഷയങ്ങൾ കേന്ദ്രനേതൃത്വവുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയും ഡൽഹിയിലെത്തി കേന്ദ്രനേതാക്കളുമായി ചർച്ച നടത്തിയിരുന്നു. മന്ത്രിസഭാ രൂപവത്കരണത്തിന് ഒരാഴ്ചയിൽ കൂടുതൽ സമയമെടുക്കില്ലെന്നും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം തിങ്കളാഴ്ച ഉണ്ടാകുമെന്നും ബൊമ്മെ അറിയിച്ചിട്ടുണ്ട്.